മധ്യപ്രദേശില്‍ വിവാഹച്ചടങ്ങിനിടെ ജയ് ശ്രീറാം വിളിച്ച് വെടിവെപ്പ്; ഒരാള്‍ മരിച്ചു
മധ്യപ്രദേശില്‍ വിവാഹച്ചടങ്ങിനിടെ ജയ്ശ്രീറാം വിളിച്ച് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ആള്‍ദൈവം രാംാപാലിന്റെ അനുയായികള്‍ സംഘടിപ്പിച്ച വിവാഹത്തിലാണ് വെടിവെപ്പുണ്ടായത്. രാമിനി എന്ന പേരില്‍ അറിയപ്പെടുന്ന 1 മിനിറ്റ് മാത്രമെടുക്കുന്ന വിവാഹച്ചടങ്ങായിരുന്നു സംഘടിപ്പിച്ചത്. ഇത് ഹിന്ദുമതത്തിന് എതിരാണെന്ന് ആരോപിച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ഇത്തരം വിവാഹങ്ങള്‍ നിയമവിരുദ്ധമാണെന്നും ആക്രമണം നടത്തിയവര്‍ ആരോപിക്കുന്നു. ദേവിലാല്‍ മീണ എന്നയാളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വിവാഹത്തിന്റെ മുഖ്യ സംഘാടകനായ മീണ മുന്‍പ് രണ്ടു തവണ ബിജെപി പിന്തുണയോടെ സര്‍പഞ്ച് ആയിട്ടുള്ളയാളാണ്. പരിക്കേറ്റ മീണയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചുവന്ന വസ്ത്രം ധരിച്ചയാളാണ് വെടിയുതിര്‍ത്തത്. സംഭവത്തിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളില്‍ ഇയാള്‍ തോക്കു ചൂണ്ടുന്നത് കാണാം. വിവാഹച്ചടങ്ങില്‍ എത്തിയ 11 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഹരിയാന സ്വദേശിയായ ആള്‍ദൈവം രാംപാല്‍ അഞ്ചു സ്ത്രീകളെയും ഒരു കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷയനുഭവിക്കുന്നത്.