കാമുകിയുടെ ഭര്‍ത്താവില്‍ നിന്ന് രക്ഷപ്പെടാന്‍ 5-ാം നിലയില്‍ നിന്ന് ചാടി; യുവാവിന് ദാരുണാന്ത്യം

 

കാമുകിയുടെ ഭര്‍ത്താവ് പിടികൂടാതെ രക്ഷപ്പെടാന്‍ 5-ാം നിലയിലെ ഫ്‌ളാറ്റില്‍ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം. ജയ്പൂരിലാണ് സംഭവം. മൊഹ്‌സിന്‍ എന്ന 29കാരനാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശുകാരനായ ഇയാള്‍ രണ്ടു വര്‍ഷം മുന്‍പ് യുവതിയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി നൈനിറ്റാളില്‍ നിന്ന് ഒളിച്ചോടി ജയ്പൂരില്‍ ഒരുമിച്ചു താമസിക്കുകയായിരുന്നു.

രണ്ടു വര്‍ഷമായി ഭാര്യയെയും കുട്ടിയെയും അന്വേഷിക്കുകയായിരുന്ന യുവതിയുടെ ഭര്‍ത്താവ് ഫ്‌ളാറ്റ് കണ്ടെത്തുകയും ഞായറാഴ്ച അവിടെയെത്തുകയും ചെയ്തു. കാമുകിയുടെ ഭര്‍ത്താവിനെ കണ്ട് ഭയന്നോടിയ മൊഹ്‌സിന്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രി മരിച്ചു.

മുന്‍പ് മറ്റൊരിടത്ത് താമസിച്ചിരുന്ന മൊഹ്‌സിനും കാമുകിയും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്ന ഫ്‌ളാറ്റിലേക്ക് മാറിയത്. സംഭവത്തിന് ശേഷം കാമുകിയെയും ഭര്‍ത്താവിനെയും കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മൊഹ്‌സിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.