‘ഹിന്ദു’ വിദേശികളുടെ സംഭാവന; മുഗളന്‍മാര്‍ക്കു മുമ്പ് ഈ വാക്ക് ഉണ്ടായിരുന്നില്ലെന്ന് കമല്‍ ഹാസന്
ചെന്നൈ: ഹിന്ദു എന്ന പദം വിദേശികളുടെ സംഭാവനയാണെന്ന് കമല് ഹാസന്. മുഗളന്മാര്ക്കു മുമ്പ് ഹിന്ദു എന്ന വാക്കുപോലും ഇന്ത്യയില് ഉണ്ടായിരുന്നില്ലെന്ന് മക്കള് നീതി മയ്യം അധ്യക്ഷനായ കമല് ഹാസന് പറഞ്ഞു. ഗോഡ്‌സെ എന്ന ഹിന്ദുവാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന പരാമര്‍ശം വിവാദമായതിനു പിന്നാലെയാണ് പുതിയ പ്രസ്താവനയുമായി കമല്‍ എത്തിയിരിക്കുന്നത്.
മുഗളന്‍മാരോ അതിനു മുമ്പ് ഇന്ത്യയെ കീഴടക്കി ഭരിച്ചവരോ ആണ് ഹിന്ദു എന്ന വാക്ക് സംഭാവന ചെയ്തത്. പിന്നീട് ഇന്ത്യയെ അടക്കി ഭരിച്ച ബ്രിട്ടീഷുകാര്‍ ഇതിനെ പ്രോത്സാഹിപ്പിച്ചു. ആള്‍വാറുകളോ ശൈവനായന്‍മാരോ തങ്ങളുടെ കൃതികളില്‍ ഹിന്ദു എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. 12 ആള്‍വാര്‍മാരും 63 നായന്‍മാരും ഹിന്ദു എന്ന പദം ഉപയോഗിച്ചിട്ടില്ല.
നമുക്ക് നമ്മുടെ സ്വത്വം ഉണ്ടെന്നിരിക്കെ നമ്മുടെ മതത്തിന് വിദേശികള്‍ നല്‍കിയ പേര് ഉപയോഗിക്കുന്നത് വിവരക്കേടാണെന്നും കമല്‍ പറഞ്ഞു. ഗോഡ്‌സെ പരാമര്‍ശത്തില്‍ സംഘപരിവാര്‍ വന്‍ തോതിലുള്ള ആക്രമണമാണ് കമലിനെതിരെ അഴിച്ചുവിട്ടത്.