രാജിവെച്ചെന്ന് കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ; തനിക്കറിയില്ലെന്ന് സ്പീക്കര്‍

നിയമസഭയില് നിന്ന് രാജിവെച്ചതായി കര്ണാടകയിലെ കോണ്ഗ്രസ് എംഎല്എ ആനന്ദ് സിങ്. എന്നാല് തനിക്ക് ഇതേക്കുറിച്ച് അറിയില്ലെന്നായിരുന്നു സ്പീക്കര് കെ.ആര്. രമേഷ്കുമാറിന്റെ പ്രതികരണം.
 

ബംഗളൂരു: നിയമസഭയില്‍ നിന്ന് രാജിവെച്ചതായി കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങ്. എന്നാല്‍ തനിക്ക് ഇതേക്കുറിച്ച് അറിയില്ലെന്നായിരുന്നു സ്പീക്കര്‍ കെ.ആര്‍. രമേഷ്‌കുമാറിന്റെ പ്രതികരണം. വിജയനഗര്‍ എംഎല്‍എയായ ആനന്ദ സിങ് താന്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയെന്നാണ് അവകാശപ്പെട്ടത്. തനിക്ക് രാജിക്കത്തുകളൊന്നും ലഭിച്ചിട്ടില്ലെന്നും നേതാക്കളാരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയക്കളികളുമായി തനിക്ക് ബന്ധമൊന്നും ഇല്ല. ഇരുപത് പേര്‍ രാജി നല്‍കിയാലും അത് താന്‍ സ്വീകരിക്കും. എന്നാല്‍ ആനന്ദ് സിങ് അവകാശപ്പെടുന്നതുപോലെ ഒരു രാജിക്കത്ത് തനിക്ക് കിട്ടിയിട്ടില്ല. ആനന്ദ് സിങ്ങിനെയോ മറ്റേതെങ്കിലും നേതാക്കളെയൊ താന്‍ കണ്ടിട്ടില്ലെന്നും കുമാര്‍ പറഞ്ഞു. ആനന്ദ് സിങ്ങിനെയാണ് റിസോര്‍ട്ടില്‍ വെച്ച് മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയായ ജെ.എന്‍.ഗണേഷ് കുപ്പികൊണ്ട് തലക്കടിച്ചു വീഴ്ത്തിയത്.

അതേസമയം വരും ദിവസങ്ങളില്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചേക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. രമേശ് ജര്‍ക്കിഹോളി, മഹേഷ് കൂമതല്ലി, പ്രതാപ് ഗൗഡ പാട്ടീല്‍, ബി.സി.പാട്ടീല്‍ എന്നിവര്‍ രാജിവെക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെയാണ് എംഎല്‍എമാര്‍ രാജിവെക്കുന്നതെന്നാണ് വിവരം.