അമിത് ഷായുടെ തീരുമാനം കാത്ത് യെദിയൂരപ്പ; ബി.ജെ.പിക്ക് കെണിയൊരുക്കി ഉപതെരഞ്ഞെടുപ്പുകള്‍

14 മാസം സര്ക്കാരിനെ അസ്ഥിരപ്പെടുത്താന് ബിജെപി ഒളിഞ്ഞും തെളിഞ്ഞും നടത്തിയ ശ്രമങ്ങള്ക്കൊടുവിലാണ് കുമാരസ്വാമി സര്ക്കാര് വീണത്.
 

ന്യൂഡല്‍ഹി: ബി.എസ് ദെദ്യൂരപ്പയ്ക്ക് സര്‍ക്കാരുണ്ടാക്കാനുള്ള അനുമതി ബി.ജെ.പി കേന്ദ്ര നേതൃത്വം വൈകിപ്പിക്കുന്നതിന് പിന്നില്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ആശങ്കയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഉപതെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടായാല്‍ വീണ്ടും സര്‍ക്കാര്‍ രാജിവെക്കേണ്ടി വരുമെന്ന് ബി.ജെ.പിക്ക് ആശങ്കയുണ്ട്. അതിനാല്‍ സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടാലെ സര്‍ക്കാരുണ്ടാക്കാന്‍ യെദിയൂരപ്പയ്ക്ക് അനുവാദം ലഭിക്കു.

കേന്ദ്രനേതൃത്വത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ഡല്‍ഹിയില്‍ നിന്നും ഇത് സംബന്ധിച്ച അനുവാദം ലഭിച്ചാലുടന്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് ബി.ജെ.പി ഗവര്‍ണറെ കാണും. യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കര്‍ണാടകത്തില്‍ തിടുക്കത്തില്‍ ഒരു സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി മുതിരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടത്തില്‍ യെദ്യൂരപ്പയെ താഴേയിറക്കിയത് കോണ്‍ഗ്രസിലെ ഡി.കെ ശിവകുമാറിന്റെ രാഷ്ട്രീയ നീക്കങ്ങളായിരുന്നു. ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയാല്‍ സമാന നീക്കങ്ങള്‍ ഡി.കെ രംഗത്ത് വരുമെന്നും കേന്ദ്ര നേതൃത്വത്തിന് ആശങ്കയുണ്ട്.

ആറ് വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ വിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടത്. 14 മാസം സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ഒളിഞ്ഞും തെളിഞ്ഞും നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ വീണത്. ഇത് ജനാധിപത്യത്തിന്റെ വിജയമെന്നായിരുന്നു യെദിയൂരപ്പയുടെ അവകാശവാദം. 14 മാസം പ്രായമായ കുമാരസ്വാമി സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തുവെന്നും ഇനി സംസ്ഥാനത്തുണ്ടാകുക വന്‍ വികസനമായിരിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.

രാജിവെച്ച എം.എല്‍.എമാരുടെ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. ഇവിടെങ്ങളില്‍ കോണ്‍ഗ്രസും ജെ.ഡി.എസും ഒന്നിച്ച് മത്സരിച്ചാല്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാവും. സര്‍ക്കാരിനെ താഴെയിറക്കാന്‍ പോലും ഇത് കാരണമായേക്കും. ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായക സ്വാധീനം ചെലുത്തുന്നതിനാലാണ് സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി സമയമെടുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.