ഡല്‍ഹി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇനി വ്യവസായ സംരംഭകരാകും; പുതിയ പാഠ്യപദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍

ഡല്ഹിയിലെ സ്കൂള് വിദ്യാര്ത്ഥികള് ഇനി മുതല് വ്യവസായ സംരംഭകരാകാനും പഠിക്കും.
 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ വ്യവസായ സംരംഭകരാകാനും പഠിക്കും. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള സ്‌കൂളുകളിലെ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ സിലബസിലാണ് വ്യവസായ സംരംഭക പരിശീലനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 1 മുതല്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷം മുതല്‍ ഇത് കുട്ടികള്‍ പഠിച്ചു തുടങ്ങും.

1024 സ്‌കൂളുകളിലായിരിക്കും ഇത് അവതരിപ്പിക്കുക. പഠനമെന്നാല്‍ പാഠപുസ്തകം നോക്കി പഠിക്കുക മാത്രമല്ല. പുതിയ സംരംഭങ്ങള്‍ക്ക് വിത്തു പാകാന്‍ 1000 രൂപ വീതം കുട്ടികള്‍ക്ക് നല്‍കാനും പദ്ധതിയില്‍ നിര്‍ദേശമുണ്ട്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആശയമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. സ്വന്തം പ്രൊഫഷന്‍ തെരഞ്ഞെടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന സംവിധാനമാണ് ഇതെന്ന് സിസോദിയ വ്യക്തമാക്കി. നിരവധി പുതിയ അവസരങ്ങളായിരിക്കും ഇതിലൂടെ കുട്ടികള്‍ക്കു മുന്നില്‍ തെളിയുകയെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 1 മുതല്‍ മെയ് 10 വരെ 24 സ്‌കൂളുകളില്‍ ഇതിന്റെ പൈലറ്റ് പ്രോജക്ട് നടന്നു വരികയായിരുന്നു. 480 അധ്യാപകര്‍ക്ക് ഇതിന്റെ ഭാഗമായി പരിശീലനം നല്‍കി. നിലവില്‍ 3000 അധ്യാപകര്‍ പരിശീലനം നേടി വരികയാണ്.