വകുപ്പ് വിഭജനം; കര്‍ണാടകയിലെ ബിജെപി മന്ത്രിമാര്‍ക്കിടയില്‍ അതൃപ്തി

കര്ണാടകയില് അധികാരമേറ്റ യെദിയൂരപ്പ സര്ക്കാരിലും അതൃപ്തി പുകയുന്നു.
 

ബംഗളൂരു: കര്‍ണാടകയില്‍ അധികാരമേറ്റ യെദിയൂരപ്പ സര്‍ക്കാരിലും അതൃപ്തി പുകയുന്നു. വകുപ്പ് വിഭജനത്തില്‍ ബിജെപി എംഎല്‍എമാര്‍ അതൃപ്തരാണെന്നാണ് വിവരം. വകുപ്പുകള്‍ വിഭജിച്ചതിലുള്ള അതൃപ്തി അറിയിച്ചുകൊണ്ട് വൊക്കലിഗ നേതാവും ചിക്കമംഗളൂരില്‍ നിന്നുള്ള എംഎല്‍എയുമായ സി.ടി.രവി ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തു. 17 മന്ത്രിമാരെയാണ് യെദിയൂരപ്പ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരില്‍ മൂന്ന് പേര്‍ക്ക് ഉപമുഖ്യമന്ത്രി പദവിയാണ് നല്‍കിയിരിക്കുന്നത്.

എന്നാല്‍ മുന്‍ ബിജെപി സര്‍ക്കാരുകളില്‍ ഉപമുഖ്യമന്ത്രിമാരായിരുന്ന കെ.എസ്. ഈശ്വരപ്പ, ആര്‍.അശോക് എന്നിവര്‍ക്ക് സ്ഥാനം നല്‍കിയിട്ടില്ല. ഈശ്വരപ്പയ്ക്ക് ഗ്രാമവികസനം, പഞ്ചായത്തിരാജ് വകുപ്പുകളും അശോകിന് റവന്യൂ വകുപ്പുമാണ് നല്‍കിയിരിക്കുന്നത്. ഈശ്വരപ്പയെ ഒതുക്കിയതാണെന്ന ആരോപണവുമായി അനുയായികള്‍ രംഗത്തെത്തി. ഈശ്വരപ്പയെ അപമാനിക്കുകയാണ് നേതൃത്വം ചെയ്തതെന്നും ഉപമുഖ്യമന്ത്രിയായി ഉടന്‍ തന്നെ നിയമിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ തിരിച്ചടിക്കുമെന്നും അനുയായികള്‍ പറയുന്നു.

തനിക്ക് മുകളില്‍ അശ്വത് നാരായണെ ഉപമുഖ്യമന്ത്രിയായി പ്രതിഷ്ഠിച്ചതാണ് സി.ടി.രവിയെ ചൊടിപ്പിച്ചത്. പ്രതിഷേധമറിയിക്കാന്‍ നിരവധി ട്വീറ്റുകള്‍ രവി പോസ്റ്റ് ചെയ്തു. ബിജെപിയിലെ ദളിത് നേതാവും മോല്‍കാല്‍മൂരു എംഎല്‍എ ബി.ശ്രീരാമുലുവിനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരു സോഷ്യല്‍ മീഡിയ ക്യാംപെയിനിംഗും ഇതിനിടയില്‍ നടക്കുന്നുണ്ട്.