ഷാറുഖിനെ വധിക്കുമെന്ന് ഭീഷണി: ഛത്തീസ്‌ഗഡിൽ അഭിഭാഷകൻ അറസ്റ്റിൽ
Updated: Nov 12, 2024, 14:30 IST
നടന്‍ ഷാറുഖ് ഖാനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ ഛത്തീസ്ഗഡിൽനിന്നുള്ള അഭിഭാഷകൻ അറസ്റ്റിൽ. ഫൈസൻ ഖാനെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞയാഴ്ച ബാന്ദ്ര പൊലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലാണ് ഭീഷണി സന്ദേശം എത്തിയത്. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാറുഖിനെ വധിക്കുമെന്നായിരുന്നു ഭീഷണി. തന്റെ ഫോൺ മോഷണം പോയെന്നും മറ്റാരോ ആണ് ഫോൺ വിളിച്ചതെന്നുമാണ് അഭിഭാഷകന്റെ വാദം. കൂടുതൽ ചോദ്യം ചെയ്യാനായി ഇയാളെ മുംബൈയിലേക്ക് കൊണ്ടുവരും.
നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെയാണ് ഷാറുഖ് ഖാന്റെ പേരിലും നവംബർ ഏഴിന് ഭീഷണി സന്ദേശം വന്നത്. തന്റെ ഫോൺ നഷ്ടപ്പെട്ടതായി നവംബർ രണ്ടിന് ഫൈസൻ ഖാൻ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി നൽകിയതിന്റെ രേഖകളും അന്വേഷണ സംഘത്തിനു കൈമാറി.