ബിജെപി 300 സീറ്റ് നേടുമെന്ന് പ്രവചനം; മധ്യപ്രദേശില്‍ യൂണിവേഴ്‌സിറ്റി അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള് വിശകലനം ചെയ്യുകയും രാഷ്ട്രീയ പാര്ട്ടികളില് ഗ്രഹങ്ങളുടെ സ്വാധീനം എങ്ങനെയാണെന്ന് കണക്കാക്കുകയുമായിരുന്നു താനെന്ന് അധ്യാപകന്
 

ഭോപ്പാല്‍: ബിജെപിക്ക് 300 സീറ്റോളവും എന്‍ഡിഎ മുന്നണിക്ക് 300ലേറെയും സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചനം നടത്തിയ യൂണിവേഴ്‌സിറ്റി അധ്യാപകന് സസ്‌പെന്‍ഷന്‍. മധ്യപ്രദേശിലെ ഉജ്ജൈനിലുള്ള വിക്രം യൂണിവേഴ്‌സിറ്റിയിലെ സംസ്‌കൃത-വേദ-ജ്യോതിശാസത്ര വിഭാഗം തലവനായ രജേശ്വര്‍ ശാസ്ത്രി മുസല്‍ഗാവോംകറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജില്ലാ വരണാധികാരിക്ക് ഉജ്ജൈന്‍ സ്വദേശിയായ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സര്‍ക്കാര്‍ ജീവനക്കാരന്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണച്ചു സംസാരിച്ചത് മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്നും മധ്യപ്രദേശ് സിവില്‍ സര്‍വീസ് നിയമം അനുസരിച്ച് കുറ്റകരമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതേത്തുടര്‍ന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് 1973ലെ മധ്യപ്രദേശ് യൂണിവേഴ്‌സിറ്റീസ് ആക്ട് അനുസരിച്ച് അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. ഏപ്രില്‍ 29നാണ് ഇയാളുടെ പ്രവചനം ഫെയിസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.

ജ്യോതിഷം ശാസ്ത്രമാണെന്നും ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിനു മ റുപടിയായാണ് ഇത് താന്‍ പറഞ്ഞതെന്നും മുസല്‍ഗാവോംകര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശകലനം ചെയ്യുകയും രാഷ്ട്രീയ പാര്‍ട്ടികളില്‍ ഗ്രഹങ്ങളുടെ സ്വാധീനം എങ്ങനെയാണെന്ന് കണക്കാക്കുകയുമായിരുന്നു താന്‍. തന്റെ അറിവോടെയല്ല വിദ്യാര്‍ത്ഥി ആ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തതെന്നും മുസല്‍ഗാവോംകര്‍ വിശദീകരിക്കുന്നു.