ഗുജറാത്തില്‍ മൂന്ന് കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി ഒരാള്‍ അറസ്റ്റില്
സൂറത്ത്: മൂന്ന് കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി ഗുജറാത്തില് ഒരാള് അറസ്റ്റില്. സൂറത്തില് പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് നിരോധിച്ച നോട്ടുകളുമായി ഒരാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. നിരോധിച്ച നോട്ടുകള് എന്തിന് വേണ്ടിയാണ് കൊണ്ടുവന്നതെന്ന് സംബന്ധിച്ച വിവരങ്ങള് ലഭ്യമായിട്ടില്ല.
സാധാരണയായ പോലീസ് വാഹന പരിശോധന നടത്തുന്ന സൂറത്തിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് മൂന്ന് കോടിയിലേറെ വരുന്ന നിരോധിച്ച നോട്ടുകള്‍ കണ്ടെടുത്തത്. പോലീസ് വാഹനം പരിശോധിക്കുന്നതിനിടയില്‍ നിരോധിച്ച 500ന്റെയും 1000ത്തിന്റെയും അഞ്ച് നോട്ടുകള്‍ കണ്ടെടുത്തതോടെയാണ് നോട്ട് ശേഖരം കാറിലുള്ളതായി മനസിലായത്.
കാറില്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ വലിയ കെട്ടുകളായി നോട്ടുകള്‍ സൂക്ഷിച്ചിതായി കണ്ടെത്തി. വഡോദരയിലുള്ള ഒരാളുടെ കൈയ്യില്‍ നിന്നുമാണ് ഇയാള്‍ നോട്ടുകള്‍ വാങ്ങിയതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വഡോദരയിലുള്ള വ്യക്തിയെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.