അബദ്ധത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് കുത്തി; യുവാവ് വിരല്‍ മുറിച്ച് ‘പ്രായശ്ചിത്വം’ ചെയ്തു!

ഉത്തര്പ്രദേശിലെ ബുലന്ദ്ശഹറിലെ ബഹുജന് സമാജ് വാദി പാര്ട്ടിയുടെ സജീവ പ്രവര്ത്തകനായ പവന് കുമാര് പാര്ട്ടിയുടെ വിശ്വസ്തനായ പ്രവര്ത്തകനാണ്
 

ലക്‌നൗ: വോട്ട് മാറികുത്തിയതിന് സ്വന്തം വിരല്‍ മുറിച്ച് പ്രായശ്ചിത്വം നിര്‍വ്വഹിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ പവന്‍ കുമാര്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായ പവന്‍ കുമാര്‍ പാര്‍ട്ടിയുടെ വിശ്വസ്തനായ പ്രവര്‍ത്തകനാണ്. താന്‍ വോട്ട് അവകാശം നേടിയത് മുതല്‍ ബി.എസ്.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ആനക്കാണ് വോട്ട് ചാര്‍ത്തിയിരുന്നത്. എന്നാല്‍ ഇത്തവണ അബദ്ധത്തില്‍ ബി.ജെ.പി ചിഹ്നമായ താമരയ്ക്ക് വോട്ട് കുത്തി. തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് വിരല്‍ മുറിച്ചതെന്ന് പവന്‍കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബി.എസ്.പിയുടെ യോഗേഷ് വര്‍മക്കു പകരം സിറ്റിങ് എം.പി ഭോല സിങ്ങിനായിരുന്നു പവന്‍ കുമാര്‍ വോട്ട് ചെയ്തത്. പവന്‍കുമാര്‍ വോട്ടുമാറി ചെയ്തതിനെ തുടര്‍ന്ന് വലിയ മനോവിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അബദ്ധം ബി.ജെ.പിക്ക് വോട്ട് നല്‍കിയെന്ന കാര്യം ഒരിക്കലും താങ്ങാനാവില്ലെന്നും വോട്ട് ചെയ്‌തെന്ന് സ്ഥിരീകരിക്കുന്ന ആ മഷി അടയാളം വിരലില്‍ നിന്ന് മായ്ച്ചുകളയാന്‍ കൂടിയാണ് താന്‍ ഇത്തരമൊരു സ്വയം ശിക്ഷ നടുപ്പിലാക്കിയതെന്ന് പവന്‍കുമാര്‍ പറയുന്നു.

ചൂണ്ടുവിരലിന് ബാന്‍ഡേജിട്ട് കസേരയില്‍ ‘കൂളായി’ ഇരിക്കുന്ന പവന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബി.എസ്.പി പ്രവര്‍ത്തകരാണ് കൂടുതലും ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. ഒരിക്കലും ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് വ്യക്തമാക്കിയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. എന്തായാലും രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വ്യക്തിയായി പവന്‍ മാറുകയാണ്. യു.പിയിലെ 80 പാര്‍ലമന്റ് സീറ്റുകളില്‍ എട്ടെണ്ണത്തിലാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടന്നത്.