മുസ്ലിംകളുടെ രാജ്യസ്‌നേഹത്തിന് മോഡിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല: സൽമാൻ ഖുർഷിദ്

മുസ്ലിംകളുടെ രാജ്യസ്നേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ്. മോഡിയുടെ പ്രസ്താവന കേട്ടാൽ തോന്നും മുസ്ലിംകൾ രാജ്യസ്നേഹികളാണെന്ന് കണ്ടെത്തിയത് അദ്ദേഹമാണെന്ന്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് പോരാടിയവരാണ് അവരെന്നും ആരാണ് മുസ്ലിംകളെ തെറ്റിക്കാൻ നോക്കുന്നതെന്നും അദ്ദേഹം ചോദിച്ചു
 

ന്യൂഡൽഹി: മുസ്ലിംകളുടെ രാജ്യസ്‌നേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ്. മോഡിയുടെ പ്രസ്താവന കേട്ടാൽ തോന്നും മുസ്ലിംകൾ രാജ്യസ്‌നേഹികളാണെന്ന് കണ്ടെത്തിയത് അദ്ദേഹമാണെന്ന്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് പോരാടിയവരാണ് അവരെന്നും ആരാണ് മുസ്ലിംകളെ തെറ്റിക്കാൻ നോക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയിലെ മുസ്ലിംകൾ ജന്മനാടിന് വേണ്ടി ജീവൻ വെടിയാൻ വരെ തയ്യാറായവരാണെന്ന മോഡിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു കോൺഗ്രസ് നേതാവ് കൂടിയായ സൽമാൻ ഖുർഷിദ്. മോഡിയുടെ പ്രസ്താവനയെക്കുറിച്ച് പാർട്ടി അധ്യക്ഷൻ അമിത് ഷാ, യോഗി ആദിത്യനാഥ്, ഗിരിരാജ് കിഷോർ, പ്രവീൺ തൊഗാഡിയ തുടങ്ങിയവർ എന്ത് പറയുന്നുവെന്നും സൽമാൻ ഖുർഷിദ് ചോദിച്ചു.

ഇന്ത്യൻ മുസ്ലിംകളുടെ രാജ്യസ്‌നേഹത്തിൽ ആർക്കും സംശയം വേണ്ടെന്നും മുസ്ലിംകളുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യാനാവില്ലെന്നും മോഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അവർ ജന്മനാടിന് വേണ്ടി ജീവിക്കുന്നവരും അതിനായി ജീവൻ വെടിയാൻ വരെ തയ്യാറായവരുമാണെന്നുമാണ് സിഎൻഎൻ-ഐ.ബി.എൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മോഡി പറഞ്ഞത്.