കര്‍ണാലില്‍ സമരം നടത്തിയ കര്‍ഷകരുടെ തലയടിച്ചു പൊട്ടിക്കാന്‍ നിര്‍ദേശം നല്‍കി ഉദ്യോഗസ്ഥന്‍; വീഡിയോ പുറത്ത്

 

ഹരിയാണയിലെ കര്‍ണാലില്‍ സമരം നടത്തുന്ന  കര്‍ഷകരുടെ തലയടിച്ചു പൊട്ടിക്കാന്‍ നിര്‍ദേശം നല്‍കുന്ന ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത്. കര്‍ണാലിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ആയുഷ് സിന്‍ഹയാണ് നിര്‍ദ്ദേശം നല്‍കുന്നത്. മുന്‍പിലുള്ള വര മുറിച്ചു കടക്കുന്നവരുടെ തല തല്ലിപ്പൊട്ടിച്ചോളൂ എന്നാണ് പോലീസുകാര്‍ക്ക് ഇയാള്‍ നല്‍കുന്ന നിര്‍ദേശം. സിന്‍ഹ നിര്‍ദേശങ്ങള്‍ നല്‍കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ വിളിച്ച ബിജെപി നേതാക്കളുടെ യോഗത്തിനെതിരേ കര്‍ഷകര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ലാത്തിച്ചാര്‍ജില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഈ സംഭവത്തിന് പിന്നാലയാണ് കര്‍ഷകരുടെ തലയടിച്ചു പൊട്ടിക്കാന്‍ ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കുന്ന വീഡിയോ പുറത്തു വന്നത്. 

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ആയുഷ് സിന്‍ഹ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നതും അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും നല്‍കുന്നത് കാണാം. എന്നാല്‍ കര്‍ഷകരുടെ ഭാഗത്തു നിന്ന് കല്ലേറുണ്ടായതിനെ തുടര്‍ന്ന് ആവശ്യത്തിന് സേനയെ ഉപയോഗിക്കാനുള്ള നിര്‍ദേശമാണ് താന്‍ നല്‍കിയതെന്നാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം.