മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ പതിനെട്ടടവും പയറ്റി പാക് സൈന്യം, ഒടുവില്‍ വെള്ളക്കൊടി; വീഡിയോ
ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ ലംഘിച്ച് ഇന്ത്യന്‍ സൈന്യത്തിന് നേരെ വെടിയുതിര്ക്കുന്നതിനിടെ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം വീണ്ടെടുക്കാന് ശ്രമിച്ച് പരാജയപ്പെട്ടപ്പോള് വെള്ളക്കൊടി വീശി പാക് സൈന്യം. പാക് അധീന കാശ്മീരിലെ ഹാജിപോര സെക്ടറിലാണ് സംഭവം. നിയന്ത്രണരേഖക്ക് അപ്പുറത്ത് നിന്ന് വെടിവെയ്പ്പുണ്ടായപ്പോള്‍ ഇന്ത്യന്‍ സൈന്യവും തിരികെ ആക്രമിച്ചു. ഈ ആക്രമണത്തില്‍ പാക് സൈനികനായ ഗുലാം റസൂല്‍ കൊല്ലപ്പെട്ടു.
ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഇയാളുടെ മൃതദേഹം എടുക്കാന്‍ ശ്രമിച്ച മറ്റൊരു സൈനികനും വെടിയേറ്റ് മരിച്ചു. പിന്നീട് രണ്ട് ദിവസത്തോളം പാക് സൈന്യം വെടിവെയ്പ്പ് തുടര്‍ന്നുകൊണ്ട് മൃതദേഹങ്ങള്‍ എടുക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് വെള്ളക്കൊടി ഉയര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം.
വെള്ളക്കൊടി കണ്ടപ്പോള്‍ ഇന്ത്യ പ്രത്യാക്രമണം നിര്‍ത്തിവെച്ചു. ഇതോടെയാണ് പാക് സൈന്യം മൃതദേഹങ്ങള്‍ മാറ്റിയത്. സെപ്റ്റംബര്‍ 10നും 11നും ഇടയിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്നാണ് വിവരം.
വീഡിയോ കാണാം