പേ.ടി.എം സ്ഥാപകന്റെ വ്യക്തിവിവരങ്ങള്‍ ചോര്ത്തി ഭീഷണിപ്പെടുത്തിയ മുന്‍ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റില്
നോയ്ഡ: പേ.ടി.എം സ്ഥാപകന് വിജയ് ശേഖര് ശര്മയുടെ വ്യക്തിവിവരങ്ങള് ചോര്ത്തി ഭീഷണിപ്പെടുത്തിയ അദ്ദേഹത്തിന്റെ മുന് പ്രൈവറ്റ് സെക്രട്ടറി അറസ്റ്റില്. 10 വര്ഷത്തോളം ശര്മ്മയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സോണിയ ധവാനാണ് പോലീസ് പിടിയിലായത്. ശര്മ്മയുടെ മൊബൈല് ഫോണ്, ലാപ്ടോപ്പ് തുടങ്ങിയവയില് നിന്നും നിരവധി വ്യക്തി വിവരങ്ങള് ഇവര് ചോര്ത്തിയതായാണ് റിപ്പോര്ട്ടുകള്. എന്നാല് എന്തൊക്കെ വിവരങ്ങളാണ് ഇവരുടെ കൈവശമുള്ളതെന്ന് വ്യക്തമായിട്ടില്ല.
സോണിയയുടെ ഭര്‍ത്താവ് രൂപക് ജെയിന്‍, സഹപ്രവര്‍ത്തകനായ ദേവേന്ദര്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ശര്‍മ്മയെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. ഇതനുസരിച്ച് രോഹിത് ചോമാല്‍ എന്ന് പരിചയപ്പെടുത്തിയ വ്യക്തി സെപ്തംബര്‍ 20ന് ശര്‍മ്മയുടെ സഹോദരനെ ഫോണില്‍ വിളിച്ചു. നിങ്ങളുടെ കമ്പനിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കൈവശമുണ്ടെന്നും കമ്പനിയുടെ സല്‍പ്പേര് കളങ്കപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. 20 കോടി രൂപ നല്‍കിയാല്‍ വിവരങ്ങള്‍ കൈമാറാമെന്നും രോഹിത് ചോമാല്‍ അറിയിച്ചു. തുടര്‍ന്ന് ശര്‍മ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പദ്ധതി ആവിഷ്‌കരിച്ചത് സോണിയയും കുട്ടാളികളും ചേര്‍ന്നാണെന്ന് വ്യക്തമാവുകയായിരുന്നു. ഭീഷണി കോള്‍ ചെയ്ത കൊല്‍ക്കത്ത സ്വദേശിയായ രോഹിത് ചോമാലിനെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.