വിവരാവകാശ കമ്മീഷന്റെ യോഗം രാഷ്ട്രീയ പാർട്ടികൾ ബഹിഷ്‌കരിച്ചു

രാഷ്ട്രീയപ്പാർട്ടികൾ വിവരാവകാശ നിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര വിവരാവകാശ കമ്മീഷൻ വിളിച്ചു ചേർത്ത പ്രത്യേക യോഗം രാഷ്ട്രീയ പാർട്ടികൾ ബഹിഷ്കരിച്ചു.
 

ന്യൂഡൽഹി:  രാഷ്ട്രീയപ്പാർട്ടികൾ വിവരാവകാശ നിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര വിവരാവകാശ കമ്മീഷൻ വിളിച്ചു ചേർത്ത പ്രത്യേക യോഗം രാഷ്ട്രീയ പാർട്ടികൾ ബഹിഷ്‌കരിച്ചു. വിവരങ്ങൾ കൈമാറാതെ, വിവരാവകാശ നിയമം ലംഘിച്ചതിൽ വിശദീകരണം ആവശ്യപ്പെട്ടാണ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളോട് ഹാജരാകാൻ നിർദേശിച്ചത്. നിയമ പ്രകാരം തങ്ങൾ ആവശ്യപ്പെട്ട വിവരങ്ങൾ പാർട്ടികൾ നൽകുന്നില്ലെന്ന് കാണിച്ച് ഹരജിക്കാർ നൽകിയ പരാതിയിലായിരുന്നു നടപടി.

ഇതിൽ ബി.ജെ.പിയും കോൺഗ്രസും ഉൾപ്പെടെ ആറ് ദേശീയ പാർട്ടികൾ ഉൾപ്പെടും. കമ്മീഷന്റെ ഉത്തരവ് പാർട്ടികൾ ലംഘിച്ചതിനാൽ വിവരാവകാശ നിയമത്തിൽ അനുശാസിക്കുന്ന പിഴ ചുമത്തണമെന്നും തങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും ഹരർജിക്കാർ ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികൾ പൊതു സ്ഥാപനങ്ങൾ ആണെന്നും വിവരാവകാശ നിയമത്തിന് കീഴിൽ രാഷ്ട്രീയ പാർട്ടികളെ ഉൾപ്പെടുത്താമെന്നും കമ്മീഷൻ നേരത്തെ ഉത്തരവിട്ടിരുന്നു. രാഷ്ട്രീയ പാർട്ടികൾ തങ്ങൾക്കു കീഴിൽ ഇൻഫർമേഷൻ ഓഫീസറെ നിയമിക്കാനും നിർദ്ദേശമുണ്ടായിരുന്നു.

പാർട്ടികളുടെ പ്രസിഡന്റുമാരോ ജനറൽ സെക്രട്ടറിമാരോ ചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും അപ്പലേറ്റ് അതോറിറ്റികളെയും തങ്ങളുടെ ആസ്ഥാന ഓഫീസുകളിൽ നിയമിച്ച് ജനങ്ങൾ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകണം, വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങൾ ഈ പാർട്ടികളുടെ വെബ്‌സൈറ്റുകളിൽ പ്രദർശിപ്പിക്കണം എന്നിവയായിരുന്നു പ്രധാന നിർദേശങ്ങൾ. കോൺഗ്രസ്, ബി.ജെ.പി, ബി.എസ്.പി., എൻ.സി.പി, സി.പി.എം, സി.പി.ഐ. എന്നീ ആറ് പാർട്ടികളാണ് വിവരാവകാശ നിയമത്തിന് കീഴിൽ വരുന്നത്.
കേസ് വിധി പറുന്നതിനായി മാറ്റി വെച്ചു.