ചലച്ചിത്ര പുരസ്‌കാര വിതരണത്തിന് കേന്ദ്രം പുതിയ പ്രോട്ടോക്കോള്‍ കൊണ്ടുവരുന്നു; പ്രതികാര നടപടിയെന്ന് വിമര്‍ശനം
ചലച്ചിത്ര പുരസ്കാര വിതരണത്തെ തുടര്ന്നുണ്ടായ വിവാദത്തില് കടുത്ത അതൃപ്തി രേഖപ്പെടുത്തി രാഷ്ട്രപതി. അവാര്ഡ് ദാന ചടങ്ങില് ഒരു മണിക്കൂര് മാത്രമെ പങ്കെടുക്കുകയുള്ളുവെന്ന് നേരത്തെ അറിയിച്ചിട്ടും കാര്യങ്ങള് കൈകാര്യം ചെയ്യുന്നതില് കേന്ദ്രം വീഴ്ച വരുത്തിയതാണ് രാഷ്ട്രപതിയുടെ അതൃപ്തി ക്ഷണിച്ചുവരുത്തിയത്. ഇക്കാര്യം രാഷ്ട്രപതി ഭവന് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണത്തിന് പുതിയ പ്രോട്ടോക്കോള്‍ തയാറാക്കാന്‍ കേന്ദ്രം നീക്കങ്ങള്‍ ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പുതിയ പ്രോട്ടോക്കോള്‍ നിലവില്‍ വന്നാാല്‍ വളരെ പ്രധാനപ്പെട്ട അവാര്‍ഡുകള്‍ മാത്രമായിരിക്കും രാഷ്ട്രപതി വിതരണം ചെയ്യുക. എന്നാല്‍ ഇത് അവാര്‍ഡ് ബഹിഷ്‌കരണം നടത്തിയവരോടുള്ള പ്രതികാര നടപടിയാണെന്ന് സമൂഹ മാധ്യമങ്ങള്‍ പ്രതികരിച്ചു.
ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കാനാകൂ എന്ന് രാഷ്ട്രപതിഭവന്‍ നേരത്തെതന്നെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം അവസാന നിമിഷമാണ് അവാര്‍ഡ് ജേതാക്കളോട് സംവദിക്കുന്നത്. ഇതാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്. അവാര്‍ഡ് ജേതാക്കളായ 68 കലാകാരന്മാരാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്.