ബീഹാറില്‍ പതിനാറുകാരിയെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം തലയറുത്ത് കൊന്നു
പാട്ന: പതിനാറുകാരിയെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം തലയറുത്ത് കൊന്നു. ബീഹാറിലെ ഗയയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കൊലപാതകത്തെ തുടര്ന്ന് പ്രദേശവാസികള് പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. പെണ്കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള് ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഡിസംബര്‍ 28-ാം തിയതിയാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. ദിവസങ്ങള്‍ക്ക് ശേഷം വീടിന് സമീപത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. മുഖം ആസിഡൊഴിച്ച് വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ടിരുന്നു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. പെണ്‍കുട്ടിയെ കാണാതായ ദിവസം തന്നെ പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
അതേസമയം പെണ്‍കുട്ടിയുടെ കൊലപാതകം ദുരഭിമാനക്കൊലയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായി നാലുദിവസത്തിനു ശേഷമാണ് പരാതി ലഭിച്ചതെന്നും ഡിസംബര്‍ 31 ന് പെണ്‍കുട്ടി തിരിച്ച് വീട്ടിലെത്തിയിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മയും സഹോദരിമാരും മൊഴി നല്‍കിയിരുന്നുവെന്നും പോലീസ് പറയുന്നു. എന്നാല്‍ പോലീസ് ഇരുട്ടില്‍ തപ്പുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.