റഫാല്‍ ഇടപാടിലൂടെ 30,000 കോടി രൂപ മോഡി അംബാനിക്ക് നല്‍കി; പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിച്ചതായി രാഹുല്
ന്യൂഡല്‍ഹി: റഫാല്‍ കരാറില് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷ വിമര്ശനവുമായി കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി.പ്രധാനമന്ത്രിയും അനില് അംബാനിയും ചേര്ന്ന് ഇന്ത്യന് പ്രതിരോധ സേനകളുടെ മേല് 1.3 ലക്ഷം കോടിയുടെ മിന്നലാക്രമണം നടത്തിയിരിക്കുകയാണ്. മോദി ജി, രാജ്യത്തിനു വേണ്ടി ജീവന് ബലിയര്പ്പിച്ച സൈനികരുടെ ചോരയെയാണ് അപമാനിച്ചിരിക്കുന്നത്. താങ്കളെ ഓര്ത്ത് ലജ്ജ തോന്നുന്നു. ഇന്ത്യയുടെ ആത്മാവിനെയാണ് താങ്കള് വഞ്ചിച്ചിരിക്കുന്നതെന്ന് രാഹുല് ട്വിറ്ററില് കുറിച്ചു.
റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനൊപ്പം ബിജെപി സര്‍ക്കാര്‍ പങ്കാളിയായി നിര്‍ദേശിച്ചത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെയാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നിലെ സത്യമെന്തന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കണമെന്നും രാഹുല്‍ ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു.
റഫാല്‍ ഇടപാടിലൂടെ കേന്ദ്ര സര്‍ക്കാര്‍ കോടികളുടെ അഴിമതി നടത്തിയതായി നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. മോഡിക്ക് ഇന്ത്യയിലെ സാധാരണക്കാരോട് സംവദിക്കാന്‍ നേരമില്ലെന്നും വന്‍കിട മുതലാളിമാരുമായി മാത്രമെ അദ്ദേഹത്തിന് സൗഹൃദമുള്ളുവെന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു. റഫാല്‍ ഇടപാടിലൂടെ 30,000 കോടി രൂപയാണ് മോഡി അംബാനിക്കു നല്‍കിയത്. രാജ്യത്തെ സൈനികരുടെ കീശയില്‍ നിന്നെടുത്ത പണമാണ് ഇതെന്നും രാഹുല്‍ ആരോപിച്ചു.