രാജി തീരുമാനത്തിലുറച്ച് രാഹുല്‍ ഗാന്ധി; ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ അന്ത്യശാസനം
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനുറച്ച് രാഹുല്‍ ഗാന്ധി. തന്റെ തീരുമാനത്തില്‍ നിന്നും മാറില്ലെന്നും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ഒരു മാസം സമയം അനുവദിക്കുമെന്നും രാഹുല്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി മാറാന് പ്രിയങ്ക ഗാന്ധി ഉള്പ്പെടെയുള്ള പ്രമുഖ നേതാക്കള് രാഹുലിനെ കാണാനെത്തിയിരുന്നു. എന്നാല് ഇവരോടും രാഹുല് തീരുമാനം ആവര്ത്തിച്ച് വ്യക്തമാക്കിയതായിട്ടാണ് സൂചന.
പാര്‍ലമെന്റ് സമ്മേളനം അടുത്തയാഴ്ച്ച തുടങ്ങാനിരിക്കെ പുതിയ എം.പിമാരെ കാണാന്‍ പോലും രാഹുല്‍ ഗാന്ധി തയ്യാറായിട്ടില്ല. പുതിയ സഭാനേതാവിനെ തെരഞ്ഞെടുക്കാനും സഭയില്‍ ബി.ജെ.പിയെ എങ്ങനെ നേരിടണമെന്നതില്‍ മാര്‍ഗനിര്‍ദേശം നല്‍കാനും നടപടികളൊന്നുമായിട്ടില്ല. വിഷയത്തില്‍ രാഹുലിനെ അനുനയിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി എത്തിയതോടെയാണ് കാര്യങ്ങള്‍ക്ക് പരിഹാരമാകുന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധി, രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല എന്നിവര്‍ കഴിഞ്ഞ ദിവസം രാഹുലുമായി ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍ വിഷയത്തില്‍ പരിഹാരമുണ്ടാകുമെന്ന് സൂചനകള്‍ ഒന്നും തന്നെയില്ല. രാഹുല്‍ ഗാന്ധി ഈയവസരത്തില്‍ പിന്മാറുന്നത് കോണ്‍ഗ്രസിന്റെ അടിത്തറ തന്നെ അപകടത്തിലാക്കുമെന്നാണ് ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം. പ്രിയങ്ക ഗാന്ധി വിഷയത്തില്‍ ഇടപെട്ടതോടെ കാര്യങ്ങള്‍ സമവായത്തിലേക്ക് എത്തിച്ചേരുമെന്നാണ് പ്രവര്‍ത്തക സമിതിയുടെ വിലയിരുത്തല്‍. പ്രിയങ്കയുടെ ഇടപെടല്‍ മാത്രമാണ് രാഹുലിനെ തിരികെ കൊണ്ടുവരാന്‍ സഹായിക്കുകയുള്ളുവെന്നാണ് മുതിര്‍ന്ന നേതാക്കളും നല്‍കുന്ന സൂചന.
തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കുമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ നേതൃപദവി ഏറ്റെടുക്കണമെന്നാണ് രാഹുലിന്റെ നിലപാട്. എന്നാല്‍ ഈ സമയത്ത് അത്തരമൊരു തീരുമാനം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് പ്രവര്‍ത്തക സമിതിയുടെ അഭിപ്രായം. രാജി പ്രവര്‍ത്തക സമിതി ഐകകണ്ഠ്യേന തള്ളിയെങ്കിലും തീരുമാനത്തില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുകയാണ്.
പ്രിയങ്ക ഗാന്ധിയോ, സോണിയാ ഗാന്ധിയോ പദവി ഏറ്റെടുക്കില്ലെന്നും ഗാന്ധി കുടുംബത്തിന് പുറത്തു നിന്നാവണം പുതിയ അധ്യക്ഷന്‍ എന്നുമാണ് രാഹുല്‍ പ്രവര്‍ത്തക സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. യുവ നേതാവ് സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ളവരെ നേതൃത്വത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ കരുതലോടെ പ്രവര്‍ത്തിക്കാത്തതാണ് രാഹുലിനെ ചൊടിപ്പിച്ചിരിക്കുന്നത്. ലോക്സഭയില്‍ കക്ഷി നേതാവാകാനും ഒരുപക്ഷേ രാഹുല്‍ തയ്യാറായേക്കില്ല.