വിവാഹാഭ്യര്‍ത്ഥന നിഷേധിച്ചു; റിയാലിറ്റി ഷോ താരത്തിന് നേരെ ആസിഡ് ആക്രമണം
ഭോപ്പാല്‍: വിവാഹാഭ്യര്‍ത്ഥന നിഷേധിച്ച റിയാലിറ്റി ഷോ താരത്തിന് നേരെ ആസിഡ് ആക്രമണം. രൂപാലി നിരാപൂര് എന്ന ഡാന്സ് റിയാലിറ്റി ഷോ താരത്തിനു നേരെയാണ് ആക്രമണമുണ്ടായത്. മധ്യപ്രദേശ് ഇന്ഡോറിലെ ബന്ഗംഗയിലാണ് സംഭവം. മോനു സെന് എന്നറിയപ്പെടുന്ന മഹേന്ദ്രയാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 20 കാരിയായ രൂപാലി നിരാപൂര് ഒരു ടെലിവിഷന് റിയാലിറ്റി ഷോയിലൂടെയാണ് പ്രശസ്തയാവുന്നത്.
രൂപാലി ഡാന്‍സ് പഠിച്ചിരുന്ന സ്ഥാപനത്തിലുണ്ടായിരുന്ന വ്യക്തിയാണ് മോനു. ഇയാള്‍ രൂപാലിയെ വിവാഹം ചെയ്യാന്‍ താല്‍പ്പര്യമറിയിച്ച് നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു. ചൊവ്വാഴ്ച്ച രൂപാലിയുടെ വസതിയിലെത്തിയ മോനു ഫോണില്‍ വിളിച്ച് താഴെ വരാന്‍ അഭ്യര്‍ത്ഥിച്ചു. പെണ്‍കുട്ടിയെ കണ്ടയുടന്‍ കൈയ്യിലുള്ള ആസിഡ് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ മുഖത്ത് യാതൊരുവിധ പരിക്കുകളും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കണ്ണില്‍ ആസിഡ് വീണതിനാല്‍ കാഴ്ച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. കോറോണയിലേറ്റ പരിക്ക് അന്ധതയ്ക്ക് വരെ കാരണമാകുമെന്നാണ് സൂചന.
റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന് ശേഷം സ്റ്റേജ് പരിപാടികളില്‍ രൂപാലി സജീവമായിരുന്നു. അമേരിക്കയില്‍ ഒരു പരിപാടിക്കായി പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് ആക്രമണം ഉണ്ടാകുന്നത്. മോനുവിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാള്‍ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.