ചികിത്സക്കിടെ ജയലളിതയുടെ ഭക്ഷണത്തിനു വേണ്ടി ചെലവായത് 1 കോടി രൂപ! കണക്കുകള്‍ പുറത്തുവിട്ട് അപ്പോളോ ആശുപത്രി
ചെന്നൈ: ചികിത്സക്കിടെ ജയലളിതയുടെ ഭക്ഷണത്തിനു വേണ്ടി ചെലവായത് 1.17 കോടി രൂപ. ചെന്നൈ അപ്പോളോ ആശുപത്രി പുറത്തുവിട്ട ചികിത്സാച്ചെലവിനെക്കുറിച്ചുള്ള കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന അറുമുഖസ്വാമി കമ്മീഷനിലാണ് ആശുപത്രി കണക്കുകള് നല്കിയത്. ആശുപത്രിയില് ആകെ ചെലവായത് 6.86 കോടി രൂപയാണ്. 75 ദിവസം ജയലളിത ആശുപത്രിയില് കഴിഞ്ഞിരുന്നു.
1.92 കോടി രൂപയാണ് ചികിത്സാച്ചെലവ്. ലണ്ടനില്‍ നിന്നെത്തിയ ഡോ.റിച്ചാര്‍ഡ് ബെയ്‌ലിന് 92.7 ലക്ഷം രൂപ നല്‍കി. മുറി വാടകയായി 24 ലക്ഷം രൂപയും ഫിസിയോ തെറാപ്പിക്കായി 1.29 കോടി രൂപയും ഈടാക്കി. ജയലളിതയുടെ തോഴി വി.കെ.ശശികലയും കുടുംബാംഗങ്ങളും താമസിച്ച മുറികള്‍ക്കായി 1.24 കോടി രൂപയാണ് ചെലവായത്. സംസ്ഥാന സര്‍ക്കാര്‍ ചികിത്സാച്ചെലവില്‍ 6.41 കോടി രൂപ നല്‍കിയിട്ടുണ്ട്. ബാക്കി തുക ലഭിക്കാനുണ്ടെന്നും ആശുപത്രി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ചികിത്സാച്ചെലവായ 1.92 കോടി രൂപയില്‍ 71 ലക്ഷവും കണ്‍സള്‍ട്ടേഷന്‍ ഫീസ് ഇനത്തിലാണ് ചെലവായത്. വെന്റിലേറ്റര്‍, സിറിഞ്ച്, പമ്പ് തുടങ്ങിയവയ്ക്കായി 7.10 ലക്ഷം രൂപയും മരുന്നിനായി 38 ലക്ഷം രൂപയും മുറിവാടകയായി 24 ലക്ഷം രൂപയും ഈടാക്കി. മൊത്തം ചെലവില്‍ രണ്ടു കോടി രൂപ മറ്റുള്ളവര്‍ക്കായാണ് ചെലവഴിച്ചത്. ജയലളിതയുടെ സഹായികള്‍, പാര്‍ട്ടി നേതാക്കള്‍, വി.കെ. ശശികലക്കും കുടുംബാംഗങ്ങള്‍ക്കുമായി ബുക്ക് ചെയ്ത മുറികള്‍, ഭക്ഷണം എന്നിവയ്ക്കായാണ് ഈ പണം ചെലവായതെന്നും കണക്കുകള്‍ പറയുന്നു.