16 വര്‍ഷങ്ങള്‍ക്കിടെ ഗുജറാത്തിലുണ്ടായത് 180 കസ്റ്റഡി മരണങ്ങള്‍; എന്തുകൊണ്ട് സഞ്ജീവ് ഭട്ട് മാത്രം ശിക്ഷിക്കപ്പെടുന്നു?

1990ലെ കസ്റ്റഡി മരണക്കേസില് മുന് ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുമ്പോള് ഉയരുന്നത് നിരവധി ചോദ്യങ്ങളാണ്.
 

ന്യൂഡല്‍ഹി: 1990ലെ കസ്റ്റഡി മരണക്കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുമ്പോള്‍ ഉയരുന്നത് നിരവധി ചോദ്യങ്ങളാണ്. എന്തുകൊണ്ട് സഞ്ജീവ് ഭട്ട് മാത്രം ശിക്ഷിക്കപ്പെടുന്നു എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. 2002ലെ ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിക്കെതിരെ സത്യവാങ്മൂലം നല്‍കിയതും ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം മോദിയെയും ബിജെപിയെയും നിരന്തരം വിമര്‍ശിച്ചതുമാണോ ഭട്ട് ജയിലിലാക്കപ്പെടാന്‍ കാരണമെന്നതാണ് ചോദ്യത്തിന്റെ കാതല്‍. കസ്റ്റഡി മരണങ്ങളില്‍ പ്രതിയാക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്ന ശീലം ഗുജറാത്തിന് ഇല്ല എന്ന വസ്തുത കൂടി ഇതിനൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകളാണ് ഈ വാദത്തിന് അടിസ്ഥാനം.

2001 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 180ഓളം കസ്റ്റഡി മരണങ്ങളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവയിലൊന്നും ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ നിന്ന് ലഭ്യമായിട്ടുള്ള 2016 വരെയുള്ള കണക്കുകളില്‍ ദേശീയ തലത്തില്‍ പോലും കസ്റ്റഡി കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള പോലീസുകാരുടെ എണ്ണം വളരെ കുറവാണെന്ന് കാണാം. 1557 കസ്റ്റഡി മരണങ്ങള്‍ നടന്നതില്‍ 26 പോലീസുകാര്‍ മാത്രമാണ് കുറ്റവാളികളാണെന്ന് കണ്ടെത്തിയത്. ഇവയില്‍ ഏറിയ പങ്കും ഉത്തര്‍പ്രദേശിലാണ്. ഈ കണക്കുകള്‍ പരിശോധിക്കുമ്പോളാണ് 30 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍, അതും സുപ്രധാന സാക്ഷികള്‍ വിസ്തരിക്കപ്പെടാതെ പോയെന്ന് സഞ്ജീവ് ഭട്ട് തന്നെ ചൂണ്ടിക്കാണിച്ച കേസില്‍ അദ്ദേഹത്തിനും പ്രവീണ്‍സിങ് ഝാല എന്ന ഉദ്യോഗസ്ഥനും ജീവപര്യന്തം ശിക്ഷ ലഭിച്ചത് ചോദ്യം ചെയ്യപ്പെടുന്നത്.

1990ലാണ് ഭട്ട് ശിക്ഷിക്കപ്പെട്ട കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. എല്‍.കെ.അദ്വാനി നടത്തിയ രഥയാത്ര തടഞ്ഞതുമായി ബന്ധപ്പെട്ട് നടന്ന ഭാരത് ബന്ദില്‍ ജാംനഗര്‍ ജില്ലയിലെ ജംജോദ്പൂരില്‍ കലാപം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. 133 പേരെ കസ്റ്റഡിയിലെടുത്തുവെന്നാണ് കണക്ക്. 9 ദിവസം കസ്റ്റഡിയില്‍ വെച്ച ശേഷം ഇവരെ മോചിപ്പിച്ചു. ഇവരില്‍ പ്രഭുദാസ് വൈഷ്ണാനി എന്ന ഒരാള്‍ പത്തു ദിവസത്തിനു ശേഷം വൃക്കയുടെ പ്രവര്‍ത്തനം നിലച്ച് ആശുപത്രിയില്‍ മരിച്ചു. അന്ന് ജാംനഗറില്‍ എഎസ്പി ആയിരുന്ന സഞ്ജീവ് ഭട്ട് ഉള്‍പ്പെടെ 9 പേരെ പ്രതികളാക്കി കസ്റ്റഡി മരണത്തിന് വൈഷ്ണാനിയുടെ ബന്ധുക്കള്‍ പരാതി നല്‍കി.

1995ല്‍ ജാംനഗര്‍ മജിസ്‌ട്രേറ്റ് കോടതി വിചാരണക്കെടുത്ത കേസ് പിന്നീട് ഗുജറാത്ത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. 2001ലാണ് ഈ സ്‌റ്റേ നീക്കിയതിനു ശേഷം വിചാരണ പുനരാരംഭിച്ചത്. 300 സാക്ഷികളുള്ള കേസില്‍ 32 പേരെ മാത്രമേ വിസ്തരിച്ചിട്ടുള്ളുവെന്ന് ഭട്ട് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 11 സാക്ഷികളെക്കൂടി വിസ്തരിക്കണമെന്ന് കാട്ടി ഭട്ട് നല്‍കിയ ഹര്‍ജി കഴിഞ്ഞ ബുധനാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. കേസ് നീട്ടാനുള്ള തന്ത്രമാണ് ഇതെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

എന്തുകൊണ്ട് സഞ്ജീവ് ഭട്ട് ശിക്ഷിക്കപ്പെടുന്നു എന്നതിന് കാരണമായി അദ്ദേഹത്തിന്റെ ഭാര്യ ശ്വേജ ഭട്ട് ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ ചിലത് ഇവയാണ്. ഭട്ട് വേട്ടയാടപ്പെടാന്‍ തുടങ്ങിയത് 2011 മുതലാണെന്ന് ശ്വേത ഭട്ട് പറയുന്നു. 2002ല്‍ ഗോധ്ര സംഭവത്തിനു ശേഷം അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി വിളിച്ച പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നുവെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഭട്ട് പറഞ്ഞതിന് ശേഷമായിരുന്നു അദ്ദേഹം ആക്രമിക്കപ്പെടാന്‍ തുടങ്ങിയത്. ഹിന്ദുക്കള്‍ പ്രതികരിക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് നടപടിയെടുക്കുതെന്നും മോദി പറഞ്ഞുവെന്നായിരുന്നു സത്യവാങ്മൂലം. പിന്നീട് മോദിക്ക് അന്വേഷണസംഘം ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു.

പിന്നീട് നിരന്തരം വേട്ടയാടലുകള്‍ക്ക് വിധേയനായ ഭട്ടിനെ അകാരണമായി ഡ്യൂട്ടിക്ക് ഹാജരായില്ലെന്നും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തു. 2015ല്‍ അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. രഹസ്യാന്വേഷണ വിഭാഗം ഓഫീസറായിരുന്ന സഞ്ജീവ് ഭട്ടിനെ അനുമതിയില്ലാതെ അവധിയില്‍ പ്രവേശിച്ചു എന്നു കാണിച്ചാണ് പിരിച്ചുവിട്ടത്. എന്നാല്‍ ജോലിക്ക് ഹാജരായില്ലെന്ന് പറയുന്ന ദിവസങ്ങളില്‍ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സാകിയ ജാഫ്രി കേസിലും നാനാവതി കമ്മീഷന്‍ മുമ്പാകെയും മൊഴി നല്‍കാന്‍ പോയതാണെന്ന് സോഷ്യല്‍ മീഡിയയില്‍ ഭട്ട് വ്യക്തമാക്കിയിരുന്നു.

ഭട്ടിന്റെ കുടുംബത്തിനു നേരെ വലിയ ആക്രമണമാണ് പിന്നീട് നടന്നത്. ഇവര്‍ക്കു നല്‍കിയിരുന്ന സുരക്ഷ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചു. ഭട്ടിനെ ചോദ്യം ചെയ്യാനെന്ന പേരില്‍ ശ്വേത ഉറങ്ങിക്കിടക്കുമ്പോള്‍ കിടപ്പുമുറിയില്‍ ഏജന്‍സി ഉദ്യോഗസ്ഥര്‍ കയറി. 23 വര്‍ഷം പഴക്കമുള്ള വീടിന്റെ ‘അനധികൃത നിര്‍മാണങ്ങള്‍’ പൊളിക്കുന്നതിനായി മുനിസിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ എത്തി തുടങ്ങി നിരവധി പീഡനങ്ങള്‍ ഇവര്‍ അനുഭവിച്ചു.

മോദിയുടെയും ബിജെപിയുടെയും നിരന്തര വിമര്‍ശകനായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ഭട്ടിനെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് വീട്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 22 വര്‍ഷം മുമ്പുള്ള മറ്റൊരു കേസിലായിരുന്നു ഈ അറസ്റ്റ്. ഈ കേസില്‍ കഴിഞ്ഞ മാസം സുപ്രീം കോടതി ഭട്ടിന് ജാമ്യം നിഷേധിച്ചിരുന്നു. ബിജെപിക്കും മോദിക്കുമെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന ഭട്ടിനെ നിശബ്ദനാക്കുകയായിരുന്നു അറസ്റ്റിലൂടെ ഭരണകൂടം ലക്ഷ്യമിട്ടത്. ഇപ്പോള്‍ ജീവപര്യന്തം തടവ് ലഭിച്ചതിലൂടെ എതിര്‍ശബ്ദം വീണ്ടും ഉയരില്ല എന്നത് ഉറപ്പിക്കാനും സാധിച്ചിരിക്കുകയാണെന്ന് നിരീക്ഷകര്‍ പറയുന്നു.