ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ പരസ്യമായി മാപ്പ് പറയണമെന്ന് കെസിഎ

രഞ്ജി ട്രോഫി മത്സരങ്ങള്ക്കിടെ അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില് ക്രിക്കറ്റ് താരം സഞ്ജു സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്. പരസ്യമായി മാപ്പ് പറയണമെന്നും രേഖാമൂലം ഖേദം പ്രകടിപ്പിക്കണമെന്നും കെസിഎ ആവശ്യപ്പെട്ടു.
 

തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കിടെ അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍. പരസ്യമായി മാപ്പ് പറയണമെന്നും രേഖാമൂലം ഖേദം പ്രകടിപ്പിക്കണമെന്നും കെസിഎ ആവശ്യപ്പെട്ടു. രണ്ടാഴ്ച മുന്‍പ് മുംബൈ ബ്രബോണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് അപമര്യാദയായി പെരുമാറിയെന്നാണ് സഞ്ജുവിനെതിരായ ആരോപണം.

അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും അനുമതിയില്ലാതെ ഡ്രസ്സിംഗ് റൂമില്‍ നിന്നും പോയി അര്‍ധരാത്രിയോടെയാണ് തിരിച്ചെത്തിയതെന്നുമാണ് സഞ്ജുവിനെതിരെയുള്ള പ്രധാന ആരോപണം. കൂടാതെ ഡ്രെസ്സിംഗ് റൂമിലെ മോശം പെരുമാറ്റവും അന്വേഷണവിധേയമായി. അന്വേഷത്തിനായി നാലംഗ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്.

ത്രിപുരയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയതില്‍ രോഷാകുലനായി സഞ്ജുവിന്റെ പിതാവ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച് സഞ്ജുവിന്റെ പിതാവ് സാംസണ്‍ വിശ്വനാഥ് രംഗത്ത് വന്നു.

താന്‍ ഭാരവാഹികളോട് മോശമായി പെരുമാറിയിട്ടില്ലെന്നും സഞ്ജു ഗ്രൗണ്ടില്‍ നിന്നും വിട്ടുനിന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സാംസണ്‍ പറയുന്നു. ഡ്രസ്സിംഗ് റൂമിലൂണ്ടായത് സ്വഭാവിക പ്രതികരണമാണെന്നും പരിക്കിനെ തുടര്‍ന്ന് മാറ്റിനിര്‍ത്താന്‍ കെസിഎയോട് സഞ്ജു ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.