ഇന്ത്യ മാലിയെ ആക്രമിച്ച് കീഴ്‌പ്പെടുത്തണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; അതൃപ്തി അറിയിച്ച് ദ്വീപ് രാഷ്ട്രം
ന്യൂഡല്‍ഹി: മാലിദ്വീപിനെ ഇന്ത്യ ആക്രമിച്ച് കീഴടക്കണമെന്ന സുബ്രഹ്മണ്യന് സ്വാമിയുടെ ട്വീറ്റ് വിവാദമാകുന്നു. മാലി ദ്വീപ് ഇക്കാര്യത്തില് ഇന്ത്യയെ അതൃപ്തി അറിയിച്ചു. പൊതുതെരഞ്ഞെടുപ്പ് നടത്തിപ്പില് സുതാര്യതയില്ലെങ്കില് ഇന്ത്യ മാലിദ്വീപിനെ ആക്രമിച്ച് കീഴ്പ്പെടുത്തണമെന്നായിരുന്നു സുബ്രഹ്മണ്യന് സ്വാമിയുടെ ട്വീറ്റ്.
ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണറായ അഖിലേഷ് മിശ്രയെ മാലിദ്വീപിലെ വിദേശകാര്യ സെക്രട്ടറി അഹമ്മദ് സരീര്‍ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു. സ്വാമിയുടെ പരാമര്‍ശം ഞെട്ടലുണ്ടാക്കിയതായി മാലിദ്വീപ് വ്യക്തമാക്കി. അഖിലേഷ് മിശ്രയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം മറ്റ് ഏഴ് രാഷ്ട്രങ്ങളിലെ അംബാസഡര്‍മാരുമായി അഹമ്മദ് സരീര്‍ ചര്‍ച്ച നടത്തി.
അതേസമയം സ്വാമിയുടെ അഭിപ്രായം തീര്‍ത്തും വ്യക്തിപരമാണെന്നും അത് ഇന്ത്യ ഗവണ്‍മെന്റിന്റെ നിലപാടല്ലെന്നും വിദേശകാര്യ സെക്രട്ടറി രവീഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ട്വീറ്റ് ഇന്ത്യയുടെ നയപരിപാടിയാണ് വെളിപ്പെടുത്തുന്നതെന്നും ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ പ്രകോപനപരമായ നിലപാടാണെന്നുമുള്ള വിമര്‍ശനമാണ് മാലിദ്വീപില്‍ ഉയരുന്നത്.