മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു
മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്. ക്രിസ്തുമസ് ദിനത്തില്‍ ഇങ്ങനെയൊരു വാര്‍ത്ത കേട്ട് ഞെട്ടിയെന്നും 22,000 രോഗികളും ജീവനക്കാരും ഭക്ഷണവും മരുന്നുമില്ലാതെ കഷ്ടപ്പെടുകയാണെന്നും മമത ട്വീറ്റില്‍ പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി ആരോപിച്ച് മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെ നേരത്തേ ഗുജറാത്ത് പോലീസ് കേസെടുത്തിരുന്നു. സ്ഥാപനത്തിന് കീഴിലുള്ള ഷെല്‍റ്റര്‍ ഹോമിലെ അന്തേവാസികളായ പെണ്‍കുട്ടികളോട് കൊന്ത ധരിക്കാനും ബൈബിള്‍ വായിക്കാനും ആവശ്യപ്പെട്ടുവെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് മമതയുടെ വെളിപ്പെടുത്തല്‍.
ദരിദ്രരില്‍ ദരിദ്രരായവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഏറ്റവും ക്രൂരമായ ക്രിസ്തുമസ് സമ്മാനമാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്ന് കല്‍ക്കട്ട അതിരൂപത വികാര്‍ ജനറല്‍ ഫാ.ഡൊമിനിക് ജോസഫ് പ്രതികരിച്ചു. മതപരിവര്‍ത്തനം നടത്തുകയായിരുന്നെങ്കില്‍ ഇന്ത്യയില്‍ 2000 വര്‍ഷത്തിലേറെയായി തുടരുന്ന ക്രിസ്തുമതം ഇന്ന് 2.3 ശതമാനം മാത്രമുള്ള ന്യൂനപക്ഷമായിരിക്കില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.