നാണയങ്ങള്‍ ചെലവാകുന്നില്ല; 1, 2, 5 രൂപ നാണയങ്ങളുടെ നിര്‍മാണം സര്‍ക്കാര്‍ നിര്‍ത്തിവെച്ചു
ന്യൂഡല്ഹി: രാജ്യത്ത് ഉപയോഗത്തിലുള്ള 1, 2, 5 രൂപ നാണയങ്ങളുടെ നിര്മാണം തല്ക്കാലത്തേക്ക് നിര്ത്തിവെച്ചു. സെക്യൂരിറ്റി പ്രിന്റിംഗ് ആന്ഡ് മിന്റിംഗ് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് ആണ് ഈ തീരുമാനം എടുത്തത്. രാജ്യത്തെ നാല് കറന്സി പ്രിന്റിംഗ് കേന്ദ്രങ്ങളുടെ ചുമതല കോര്പറേഷനാണ് നിര്വഹിക്കുന്നത്.
നിലവില് 2.528 ദശലക്ഷം നാണയങ്ങള് വിനിയോഗിക്കപ്പെടാതെ കെട്ടിക്കിടക്കുന്നതിനാലാണ് ഈ തീരുമാനം. ഈ നാണയങ്ങള് ചെലവഴിക്കാന് കഴിയാത്ത സാഹചര്യത്തില് കൂടുതല് നാണയങ്ങള് നിര്മിക്കേണ്ടെന്നാണ് വിലയിരുത്തല്. മാസങ്ങളായി ഓണ്ലൈന് ഇടപാടുകള് വര്ദ്ധിച്ചു വരുന്നതിനാല് ചെറിയ നാണയങ്ങള്‍ മിന്റുകളിലെ നാണയശേഖരത്തില്‍ നിന്ന് ഏറ്റുവാങ്ങാന്‍ റിസര്‍ബ് ബാങ്ക് തയ്യാറാകുന്നില്ല.
എന്നാല്‍ നാണയങ്ങളുടെ ഉല്‍പാദനം നിര്‍ത്തിയാല്‍ വിപണിയില്‍ നാണയക്ഷാമത്തിന് ഇത് കാരണമാകില്ലെന്നാണ് വിശദീകരണം. അതേസമയം മിന്റുകളിലെ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമോ എന്ന ആശങ്ക നിലവിലുണ്ട്. 3000ത്തോളം ജീവനക്കാരുടെ ജോലിക്കാണ് ഇത് ഭീഷണിയാകുന്നത്.
രാജ്യത്തെ മിന്റുകള്‍ക്ക് പ്രതിവര്‍ഷം 9500 ബില്യന്‍ നാണയങ്ങള്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഈ വര്‍ഷം ആകെ 15.5 ബില്യന്‍ നാണയങ്ങളുടെ ആവശ്യം മാത്രമാണ് ഉണ്ടകുകയെന്ന് റിസര്‍വ് ബാങ്ക് വിലയിരുത്തുന്നു.