മമതയുടെ അനന്തരവന്റെ മുഖത്തടിച്ചയാൾ ഗുരുതരാവസ്ഥയിൽ

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവന്റെ മുഖത്തടിച്ചയാൾ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ മർദ്ദനമേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. തൃണമൂൽ പ്രവർത്തകരുടെ മർദനമേറ്റ ദേബാശിഷ് ആചാര്യയുടെ തലയിൽ ഒന്നിലേറെ പൊട്ടലുകളുണ്ടെന്ന് തംലുക് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.
 


കൊൽക്കത്ത:
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവന്റെ മുഖത്തടിച്ചയാൾ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ മർദ്ദനമേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. തൃണമൂൽ പ്രവർത്തകരുടെ മർദനമേറ്റ ദേബാശിഷ് ആചാര്യയുടെ തലയിൽ ഒന്നിലേറെ പൊട്ടലുകളുണ്ടെന്ന് തംലുക് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. ഇടക്കിടെ ബോധം മറയുന്ന അവസ്ഥയിലാണിപ്പോൾ ഇയാൾക്കെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ എംപിയുമായ അഭിഷേക് ബാനർജിക്ക് മിഡ്‌നാപൂരിലെ പൊതു യോഗത്തിനിടെയാണ് മർദ്ദനമേറ്റത്. സംഭവത്തെ തുടർന്ന് ദേബാശിഷ് ആചാര്യ പേരിൽ പോലീസ് വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു. സ്‌റ്റേജിൽ പ്രസംഗിച്ച് കൊണ്ടിരിക്കുന്നതിനിടെ ദേബാശിഷ് വേദിയിൽ കയറി വരുകയും അഭിഷേകിനെ മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് ഇയാളെ തൃണമൂൽ പ്രവർത്തകർ ചേർന്ന് മർദ്ദിച്ച് അവശനാക്കുകയായിരുന്നു.

ദേബാശിഷ് ആർഎസ്എസ് അനുഭാവിയാണെന്നും പശ്ചിമബംഗാൾ പോലീസ് പറഞ്ഞു. ഫോട്ടോയെടുക്കാനെന്ന വ്യാജേനെ സ്‌റ്റേജിലെത്തിയാണ് ദേബാശിഷ് എംപിയെ മർദ്ദിച്ചതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ.