അയോധ്യയില്‍ 251 മീറ്റര്‍ ഉയരത്തില്‍ രാമ പ്രതിമ സ്ഥാപിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍

അയോധ്യയില് 251 മീറ്റര് ഉയരമുള്ള ശ്രീരമ പ്രതിമ സ്ഥാപിക്കാന് തീരുമാനമെടുത്ത് ഉത്തര് പ്രദേശ് സര്ക്കാര്.
 

ലഖ്‌നൗ: അയോധ്യയില്‍ 251 മീറ്റര്‍ ഉയരമുള്ള ശ്രീരമ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനമെടുത്ത് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ഗുജറാത്തിലെ പട്ടേല്‍ പ്രതിമയേക്കാള്‍ ഉയരത്തില്‍ നിര്‍മിക്കുന്ന പ്രതിമ സരയൂ നദിയുടെ തീരത്തായിരിക്കും സ്ഥാപിക്കുക. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ പ്രതിമയായിരിക്കും ഇത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന ഉന്നതാധികാര സമിതി യോഗമാണ് തീരുമാനമെടുത്തത്.

അയോധ്യയില്‍ സരയൂവിന്റെ തീരത്ത് 100 ഹെക്ടര്‍ സ്ഥലത്തായിരിക്കും ഇത് നിര്‍മിക്കുക. നിര്‍മാണം ഉടന്‍ തന്നെ ആരംഭിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. അയോധ്യയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതി തയ്യാറാക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. ശ്രീരാമന്‍ എന്ന തീമിലുള്ള ഡിജിറ്റല്‍ മ്യൂസിയം, ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍, ലൈബ്രറി, പാര്‍ക്കിംഗ്, ഫുഡ് പ്ലാസ തുടങ്ങിയവയും അയോധ്യ വികസനത്തിന്റെ ഭാഗമായി സ്ഥാപിക്കും.

പ്രതിമ നിര്‍മാണത്തിനായി രാജകീയ നിര്‍മാണ്‍ നിഗം എന്ന പേരില്‍ പ്രത്യേക യൂണിറ്റ് സ്ഥാപിക്കും. സാങ്കേതിക സഹായത്തിനും മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്കുമായി ഗുജറാത്ത് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെക്കുമെന്നും ആദിത്യനാഥ് അറിയിച്ചു.