ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന് വി.മുരളീധരന്‍

ശബരിമലയില് വിശ്വാസം സംരക്ഷിക്കാന് കേന്ദ്ര ഇടപെടല് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രിയായി ചുമതലയേറ്റ വി.മുരളീധരന്.
 

ന്യൂഡല്‍ഹി: ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കാന്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രിയായി ചുമതലയേറ്റ വി.മുരളീധരന്‍. വിശ്വാസ സംരക്ഷണം പാര്‍ട്ടി നിലപാടാണ്. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഒന്നിച്ചു നിര്‍ത്താനുള്ള ശ്രമമുണ്ടാകും. സംസ്ഥാനത്ത് ബിജെപിക്ക് വോട്ടിംഗ് ശതമാനം ഉയരാത്തതിനു കാരണം പാര്‍ട്ടി പരിശോധിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം ഉണ്ടായില്ലെന്ന് പറയാന്‍ കഴിയില്ല. പലയിടത്തും മുന്നേറ്റമുണ്ടായിട്ടുണ്ട്. മുമ്പുണ്ടായിരുന്നതിനേക്കാള്‍ വോട്ട് വര്‍ദ്ധിച്ച സ്ഥലങ്ങളുണ്ട്. ചില സ്ഥലങ്ങളില്‍ വോട്ടുകള്‍ കുറഞ്ഞു. ഇതിനു കാരണം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ബിജെപിക്ക് വിജയ സാധ്യതയില്ലെന്ന് കരുതിയവര്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

വോട്ടിംഗ് ശതമാനം കൂടുകയും കുറയുകയും ചെയ്യുന്നത് ഓരോ കാലഘട്ടത്തിലും ഓരോ സാഹചര്യത്തിലാണ്. സംസ്ഥാനവും കേന്ദ്രവുമായുള്ള തര്‍ക്കങ്ങളില്‍ പകച്ചു നില്‍ക്കില്ലെന്നും അവ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.