മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്ന വാഹനങ്ങള്‍ ഇനി റീ രജിസ്റ്റര്‍ ചെയ്യേണ്ട; പുതിയ പരിഷ്‌കാരവുമായി കേന്ദ്രം
സംസ്ഥാനാന്തര വാഹന രജിസ്‌ട്രേഷന്‍ ഒഴിവാക്കാന്‍ രാജ്യമാകെ ഏകീകൃത സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇതുവഴി സംസ്ഥാനം മാറി വാഹനം ഉപയോഗിക്കുമ്പോഴുള്ള റീ റജിസ്‌ട്രേഷന്‍ ഒഴിവാക്കാം. ഭാരത് സീരിസ് എന്നാണ് ഈ ഒറ്റ രജിസ്‌ട്രേഷന്‍ സംവിധാനത്തിന്റെ പേര്. രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിന് പുറത്ത് വാഹനം 12 മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന പ്രതിസന്ധി ഇതോടെ ഒഴിവാകും.
മറ്റ് സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങളുടെ കൈമാറ്റം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് സീരീസിന്റെ പ്രാരംഭ പദ്ധതി വിജ്ഞാപനം ചെയ്തത്. ഭാരതത്തെ സൂചിപ്പിക്കുന്ന ബിഎച്ച് സീരീസില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഒരു പുതിയ സംസ്ഥാനത്തിലേക്ക് മാറ്റുമ്പോള്‍ വീണ്ടും രജിസ്‌ട്രേഷന്‍ ചെയ്യേണ്ട ആവശ്യമില്ല.
ഭാരത് സീരിസില്‍ വാഹന രജിസ്‌ട്രേഷന്‍ നമ്പറിന് വ്യത്യാസമുണ്ടാകും. വാഹനം വാങ്ങിയ വര്‍ഷത്തിലെ അവസാന രണ്ടക്കങ്ങള്‍, ബി.എച്ച് (B,H)എന്നീ അക്ഷരങ്ങള്‍, നാല് അക്കങ്ങള്‍, ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ട് അക്ഷരങ്ങള്‍ എന്നിവയടങ്ങിയതാവും രജിസ്‌ട്രേഷന്‍ നമ്പര്‍. നിലവില്‍ സംസ്ഥാനങ്ങളുടെ ചുരുക്കപ്പേര് ഉപയോഗിച്ചാണ് വാഹന രജിസ്‌ട്രേഷന്‍ നടത്തുന്നത്. വാഹനത്തിന്റെ നികുതി അടയ്ക്കുന്നത് നിലവിലെ 15 വര്‍ഷം എന്നതിന് പകരം ഭാരത് രജിസ്‌ട്രേഷനില്‍ രണ്ട് വര്‍ഷമാക്കിയേക്കും.