ഇന്ധനവില കുറച്ചു
ന്യൂഡല്‍ഹി: മാസങ്ങള്‍ നീണ്ട വിലക്കയറ്റത്തിന് ശേഷം ഇന്ധനവില കുറയ്ക്കാനുള്ള തീരുമാനവുമായി കേന്ദ്ര സര്ക്കാര്. പെട്രോള്, ഡീസല് വില രണ്ടര രൂപ വീതം കുറയ്ക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എക്‌സൈസ് ഡ്യൂട്ടിയില്‍ ഇളവ് വരുത്താനാണ് തീരുമാനം. ഡ്യൂഡിയില്‍ നിന്ന് ഒന്നര രൂപയായിരിക്കും കുറയ്ക്കുക. എണ്ണക്കമ്പനികള്‍ ഒരു രൂപ കുറയ്ക്കും.
സംസ്ഥാനങ്ങളും എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. സമീപകാലത്ത് റെക്കോര്‍ഡ് വില വര്‍ദ്ധനവാണ് എണ്ണവിലയില്‍ ഉണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ രൂപയുടെ മൂല്യം കുറഞ്ഞതും ക്രൂഡോയിലിന്റെ വില കൂടിയതുമാണ് പ്രധാനമായും വില വര്‍ദ്ധനവിന് കാരണമായിരിക്കുന്നത്. ഇന്ധനവില നിയന്ത്രിക്കാന്‍ യാതൊരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു.