ജമ്മു കാശ്മീരില് നാടകീയ നീക്കങ്ങള്‍; ശ്രീനഗറില്‍ നിരോധനാജ്ഞ, കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗം
ന്യൂഡല്‍ഹി: ജമ്മു കാശ്മീരില് നാടകീയ നീക്കങ്ങളുമായി കേന്ദ്ര സര്ക്കാര്. ശ്രീനഗറില് അര്ദ്ധരാത്രി മുതല് നിരോധനാജ്ഞ നിലവില്‍ വന്നു. കേന്ദ്ര മന്ത്രിസഭയുടെ അസാധാരണ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേരുകയാണ്. ഇതിന് മുന്നോടിയായി ആഭ്യന്തരമന്ത്രി അമിത്ഷായുമായി മോദി കൂടിക്കാഴ്ച നടത്തി. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരെ വീട്ടുതടങ്കലിലാക്കി
കാശ്മീര്‍ താഴ്‌വരയിലും രജൗറി, ഉധംപൂര്‍ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളും വിച്ഛേദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. കാശ്മീരില്‍ കഴിഞ്ഞയാഴ്ച മുതല്‍ സൈനിക വിന്യാസം ശക്തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രി രാവിലെ 11 മണിക്ക് രാജ്യസഭയിലും 12 മണിക്ക് ലോക്‌സഭയിലും സംസാരിക്കും.
കാശ്മീരില്‍ ഇന്ന് നിര്‍ണായക തീരുമാനം വന്നേക്കാമെന്നാണ് സൂചന. ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. അറസ്റ്റിലായെന്ന് അറിയിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.