ദേശീയതലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മോദി വീണ്ടും അധികാരത്തിലെത്തിലേക്ക്

ഹിന്ദി ഹൃദയഭൂമിയിലെ മികച്ച മുന്നേറ്റമാണ് ബി.ജെ.പിക്ക് മേല്ക്കൈ നേടാന് സഹായകമായിരിക്കുന്നത്
 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ദേശീയ തലത്തില്‍ എന്‍ഡിഎക്ക് വന്‍ മുന്നേറ്റം. കോണ്‍ഗ്രസ് സഖ്യത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയിലെ മികച്ച മുന്നേറ്റമാണ് ബി.ജെ.പിക്ക് മേല്‍ക്കൈ നേടാന്‍ സഹായകമായിരിക്കുന്നത്. 10 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ കേവല ഭൂരിപക്ഷത്തേക്കാളും കൂടുതല്‍ സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുകയാണ്. 291 സീറ്റുകളിലാണ് ഇപ്പോള്‍ ബി.ജെ.പി ഒറ്റയ്ക്ക് മുന്നിട്ട് നില്‍ക്കുന്നത്.

അമേഠിയില്‍ രാഹുല്‍ ഗാന്ധിയും ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ലീഡ് നിലയില്‍ നിരവധി തവണ സ്മൃതി ഇറാനി മുന്നേറ്റം നടത്തിയെങ്കിലും അവസാന വിവരം ലഭിക്കുമ്പോള്‍ രാഹുല്‍ ലീഡ് തിരികെ പിടിച്ചിട്ടുണ്ട്. റായ്ബറേലിയില്‍ സോണിയ ഗാന്ധി നേരിയ ഭൂരിപക്ഷം മാത്രമാണ് നിലനിര്‍ത്തുന്നത്. ബി.ജെ.പിയുടെ പ്രമുഖ നേതാക്കളെല്ലാവരും വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദിയുടെ ലീഡ് 50,000 കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കവിഞ്ഞു. മഹാരാഷ്ട്രയിലും രാജസ്ഥാനിലും മികച്ച നേട്ടമാണ് എന്‍ഡിഎയ്ക്ക് നേടാനാകുന്നത്. ഉത്തര്‍പ്രദേശിലും ബീഹാറിലും ബി.ജെ.പി മുന്നേറുകയാണ്. ആന്ധ്രയില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസാണ് മുന്നില്‍. പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നേറ്റമാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രാജ്യം ആര് ഭരിക്കുമെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭ്യമാകും.