നവകേരള സദസ്സിന് ഇന്ന് കാസർഗോഡ് തുടക്കം
Nov 18, 2023, 10:34 IST
സംസ്ഥാന സർക്കാരിന്റെ നവകേരള സദസിന് ഇന്ന് കാസർഗോഡ് തുടക്കം. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിൽ ഉച്ചയ്‌ക്ക് മൂന്നരയ്ക്ക് ജനസദസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പരിപാടിയോടനുബന്ധിച്ച് ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ആഡംബര ബസ് കേരളത്തിലെത്തിച്ചു. പുലർച്ചെ രണ്ടു മണിക്കാണ് ബസ് ബെംഗളൂരുവിൽ നിന്ന് കാസർഗോഡ് എത്തിയത്. കേരളത്തിലെ 140 മണ്ഡലങ്ങളിലും നവ കേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും. സ്വാതന്ത്ര്യ സമര സേനാനികൾ, വിവിധ മേഖലകളിലെ പ്രമുഖർ, കലാകാരൻമാർ, സെലിബ്രിറ്റികൾ, അവാർഡ് ജേതാക്കൾ എന്നിങ്ങനെ നിരവധി ആളുകൾ നവ കേരള സദസ്സിന്റെ ഭാഗമാകും.