ആറു മാസത്തിനിടെ നല്‍കിയത് ഒന്നര ലക്ഷത്തോളം സ്റ്റുഡന്റ് വിസകള്‍; യുകെയിലെ മൂന്നിലൊന്ന് വിദേശ വിദ്യാര്‍ത്ഥികളും ഇന്ത്യക്കാര്‍

 

ആറു മാസത്തിനിടെ യുകെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി അനുവദിച്ചത് ഒന്നര ലക്ഷത്തോളം സ്റ്റുഡന്റ് വിസകള്‍. 2023 ജൂണ്‍ വരെ 1,42,848 സ്റ്റുഡന്റ് വിസകളാണ് ഇന്ത്യക്കാര്‍ക്ക് മാത്രമായി നല്‍കിയത്. ഇക്കാലയളവില്‍ ആകെ 4,98,626 സ്റ്റുഡന്റ് വിസകള്‍ യുകെ അനുവദിച്ചിട്ടുണ്ട്. 2022 ജൂണില്‍ 92,965 സ്റ്റുഡന്റ് വിസകളാണ് നല്‍കിയത്. 54 ശതമാനം വര്‍ധനയാണ് ഒറ്റവര്‍ഷം കൊണ്ട് ഉണ്ടായത്.

ഇതോടെ യുകെയിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ മൂന്നിലൊന്നും ഇന്ത്യക്കാരായി മാറി. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും ഇന്ത്യക്കാരാണ് മുന്നില്‍. രണ്ടാം സ്ഥാനം ചൈനക്കാര്‍ക്കാണ്. മൊത്തം വിദേശ വിദ്യാര്‍ത്ഥികളില്‍ 50 ശതമാനം ഇതോടെ ഇന്ത്യക്കാരും ചൈനക്കാരുമായി മാറിയിട്ടുണ്ട്. 

്2019 ജൂണിന് ശേഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഗ്രാന്റുകളില്‍ ഏഴ് മടങ്ങ് വര്‍ധനവുണ്ടായെന്നും കണക്കുകള്‍ പറയുന്നു. ആശ്രിത വിസകളുടെ എണ്ണത്തില്‍ ഇന്ത്യക്കാരാണ് രണ്ടാം സ്ഥാനത്ത്. 43,552 ആശ്രിത വിസകള്‍ അനുവദിച്ചു. 67,516 വിസകളുമായി നൈജീരിയയാണ് ഒന്നാം സ്ഥാനത്ത്.