ഇസ്രായേലിൽ നിന്നും ഇന്ത്യ പെ​ഗാസസ് വാങ്ങിയെന്ന് ന്യൂയോർക്ക് ടൈംസ് 

 

ചാര സോഫ്‌റ്റ്​വെയറായ പെഗാസസ് ഇസ്രയേലിനൽ നിന്നും ഇന്ത്യ വാങ്ങിയെന്ന് ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തൽ.  പ്രതിരോധ കരാർ പ്രകാരം 2017ലാണ് പെഗാസസ് വാങ്ങിയതെന്ന് അന്വേഷണ റിപ്പോർട്ടിൽ ന്യൂയോർക്ക് ടൈംസ് പറഞ്ഞു. രണ്ട് ബില്ല്യൺ ഡോളറിനാണ് പെഗാസസും മിസൈൽ സംവിധാനവും ഇന്ത്യ വാങ്ങിയത്.  നരേന്ദ്രമോദി 2017ൽ ഇസ്രായേൽ സന്ദർശിച്ചപ്പോഴാണ് ഇതിൽ തീരുമാനമായതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 

സോഫ്റ്റ്​വെയറിനുള്ളിൽ നിയമവിരുദ്ധമായി കടന്നുകയറിയെന്നാരോപിച്ച് 2019ലാണ്  എൻഎസ്ഓ ഗ്രൂപ്പിനെതിരേ വാട്സാപ്പ് കേസ് ഫയൽ ചെയ്യുന്നത്. നിരവധി ഇന്ത്യൻ പ്രമുഖരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ പെഗാസസ് കടന്നുകയറിയതായി കണ്ടെത്തിയെന്ന് ഇവർ  സ്ഥിരീകരിച്ചിരുന്നു.

പെഗാസസ് വാങ്ങിയതുമായി ബന്ധപ്പെട്ട മറുപടികളിൽ നിന്ന് കേന്ദ്ര സർക്കാർ ഒഴിഞ്ഞുമാറിയിരുന്നു. 2021 ഓഗസ്റ്റിൽ, എൻഎസ്ഒ ഗ്രൂപ്പുമായി തങ്ങൾക്ക് ഒരു ബിസിനസ് ഇടപാടും ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഈ വാദമാണ് ന്യൂയോർക്ക് ടൈംസ് അന്വേഷണ റിപ്പോർട്ടിൽ തള്ളിയത്. വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇത് തിരികൊളുത്തുമെന്നുറപ്പാണ്.