ഇംഗ്ലണ്ടിനെ തകർത്ത് ന്യൂസിലൻഡ് ടി20 ലോകകപ്പ് ഫൈനലിൽ

ഡാരിൽ മിച്ചൽ(72*), ജിമ്മി നേഷം(11 പന്തിൽ 27), കോൺവെ(46) എന്നിവർ കിവികൾക്കായി തിളങ്ങി  
 
 

ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഏറ്റ തോൽവിക്ക് ന്യൂസിലൻഡിന്റെ മധുരപ്രതികാരം. ഇംഗ്ലണ്ടിനെ 5 വിക്കറ്റിന് തോൽപ്പിച്ച് കെയ്ൻ വില്യംസണും സംഘവും ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ കടന്നു. ഇംഗ്ലണ്ട് ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ ന്യൂസിലൻഡ് മറികടന്നു. പുറത്താകാതെ 72 റൺസ് എടുത്ത ഡാരിൽ മിച്ചൽ ആണ് കിവികളുടെ വിജയശില്പി.

ടോസ് നഷ്ടമായി ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം ഓപ്പണർമാർ നൽകി. എന്നാൽ 13 റൺസ് എടുത്ത ബെയർസ്റ്റോയെ പുറത്താക്കി ആദം മിൽനെ ന്യൂസിലൻഡിന് മുൻതൂക്കം നൽകി. തൊട്ടുപിന്നാലെ 29 റൺസ് എടുത്ത ജോസ് ബട്ട്ലരെ ഇഷ് സോധി വിക്കറ്റിന് മുന്നിൽ കുടുക്കി. എന്നാൽ പിന്നീട് മൂന്നാം വിക്കറ്റിൽ ഡേവിഡ് മാലനും മോയിൻ അലിയും ചേർന്ന് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി. മാലൻ 30 പന്തിൽ 41 റൺസും മോയിൻ അലി പുറത്താകാതെ 51 റൺസും നേടി. ലിവിങ്സ്റ്റൺ10 പന്തിൽ 17 റൺസ് അടിച്ചു. 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 166 റൺസ് എന്ന ഭേദപ്പെട്ട സ്കോർ സ്വന്തമാക്കി. 

പന്തെറിയാൻ വന്ന ഇംഗ്ലണ്ടിന് സ്വപ്നതുല്യമായ തുടക്കമാണ് കിട്ടിയത്. ആദ്യ ഓവറിൽ തന്നെ ക്രിസ് വോക്ക്‌സ് ഓപ്പണർ ഗപ്റ്റിലിനെ(4) വീഴ്ത്തി. തന്റെ അടുത്ത ഓവറിൽ കെയ്ൻ വില്യംസണെ പുറത്താക്കി വോക്‌സ് കിവികൾക്ക് ഇരട്ട പ്രഹരം ഏൽപ്പിച്ചു. എന്നാൽ പിന്നീട് ഓപ്പണർ മിച്ചലിന്റെ കൂടെ ചേർന്ന വിക്കറ്റ് കീപ്പർ കോൺവെ സ്കോർ ചലിപ്പിച്ചു. ഇരുവരും പതിയെ തുടങ്ങിയെങ്കിലും ഇടക്ക് ഇടക്ക് ബൗണ്ടറികളും സിക്‌സും പരാതി റൺ നിരക്ക് ഉയർത്തി കൊണ്ടു വന്നു. 92 റൺസ് കൂട്ടിച്ചേർത്താണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 38 പന്തിൽ 46 റൺസ് നേടിയ കോൺവെയെ ലിവിങ്സ്റ്റൺ പുറത്താക്കി. പിന്നാലെ വന്ന ഗ്ലൻ ഫിലിപ്പ്സും(2) ലിവിങ്സ്റ്റണിന്റെ മുന്നിൽ വീണു. 

പരാജയം മണത്ത കിവികളെ പിന്നീട് മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത് 11 പന്തിൽ 27 റൺസ് നേടിയ ജിമ്മി നേഷം ആണ്. അവസാന നാല് ഓവറിൽ 57 റൺസ് ആയിരുന്നു അവർക്ക് വേണ്ടിയിരുന്നത്. ക്രിസ് ജോർദാൻ എറിഞ്ഞ 17ആം ഓവറിൽ 23 റൺസ് നേടി അവർ പതിയെ കളിയിലേക്ക് തിരികെ എത്തി. ആദിൽ റഷീദിന്റെ അടുത്ത ഓവറിൽ 14 റൺസ് വന്നെങ്കിലും നേഷം പുറത്തായി. 19ആം ഓവർ എറിയാൻ വന്നത് വോക്‌സ് ആണ്. വിജയ ലക്ഷ്യം 2 ഓവരിക് 20 റൺസ്. 3 ഓവറിൽ 16 റൺസ് വഴങ്ങി 2 വിക്കറ്റ് എടുത്ത വോക്‌സിന്റെ അവസാന ഓവറിൽ രണ്ട് സിക്‌സും ഒരു ഫോറും ഉൾപ്പടെ 20 റൺസ് നേടി മിച്ചൽ ന്യൂസിലൻഡിനെ ഫൈനലിൽ എത്തിച്ചു. 47 പന്തിൽ 4 ഫോറും 4 സിക്‌സും പറത്തിയാണ് മിച്ചൽ 72 റൺസ് നേടിയത്.  

ഇന്ന് നടക്കുന്ന ഓസ്‌ട്രേലി- പാകിസ്ഥാൻ മത്സര വിജയിയെ ന്യൂസിലൻഡ് ഫൈനലിൽ നേരിടും.