നാളെ മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ; അടിയന്തര ആവശ്യങ്ങള്‍ക്ക് ഇറങ്ങണമെങ്കില്‍ സാക്ഷ്യപത്രം കരുതണം

 

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് നിയന്ത്രണം. ന്യൂ ഇയര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് ആള്‍ക്കൂട്ടമുണ്ടാകാനുള്ള സാധ്യത ഒഴിവാക്കാനാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 2 വരെയാണ് നിയന്ത്രണം.

ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ നിയന്ത്രണമുള്ള സമയത്ത് അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം കയ്യില്‍ കരുതണം. രാഷ്ട്രീയ, സാസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ക്ക് പുറമേ ദേവാലയങ്ങളിലെ പരിപാടികള്‍ക്കും നിയന്ത്രണമുണ്ട്. സിനിമാ തീയേറ്ററുകളില്‍ 10 മണിക്ക് ശേഷം പ്രദര്‍ശനങ്ങള്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

കടകള്‍ രാത്രി 10 മണിക്ക് അടയ്ക്കണം. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. വാഹന പരിശോധന കര്‍ശനമാക്കാന്‍ പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.