ഇടുക്കിയിൽ എസ്എഫ്ഐക്കാരനെ  കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ പിടിയില്‍

 

ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ ധീരജിനെ കുത്തി കൊലപ്പെടുത്തിയ പ്രതി പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിയാണ് പിടിയിലായത്. ബസില്‍ യാത്ര ചെയ്യുന്നതിനിടെ നേര്യമംഗലത്തിന് സമീപം കരിമണലില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ക്യാമ്പസിന് പുറത്തുവെച്ചാണ് ധീരജിനെ നിഖില്‍ കുത്തിയത്. രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന സംഘര്‍ഷത്തിനിടെയാണ് ധീരജ് ഉള്‍പ്പെടെയുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റത്. കണ്ണൂര്‍, തളിപ്പറമ്പ് സ്വദേശിയായ ധീരജ് ഏഴാം സെമസ്റ്റര്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു. ധീരജിന്റെ കൊലപാതകം ആസൂത്രിതമാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ംഭവത്തില്‍ വിശദമായ അന്വേഷണവും പരിശോധനകളും തുടരുകയാണ്. നിഖില്‍ പൈലിയാണ് സംഭവത്തിന് പിന്നിലെന്നാണ് നിലവിലെ സംശയം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാലേ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നകാര്യമടക്കം വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.