മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല; വിജയ് സർക്കാറിന്റെ ആദ്യ നയപ്രഖ്യാപനം

നിലവിലെ ഡാമിന്റെ സുരക്ഷ ഉറപ്പാക്കും
 

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി സി. ജോസഫ് വിജയ് സർക്കാറിന്റെ ആദ്യ നയപ്രഖ്യാപനം. കേരളത്തിനൊപ്പം തമിഴ്നാട് ഗവർണർ കൂടിയായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ കേരളം നിരന്തരമായി ശ്രമിക്കുകയാണെന്നും എന്നാൽ, ഈ നീക്കങ്ങളെ തമിഴ്നാട് ശക്തമായി എതിർക്കുമെന്നും, നിലവിലെ ഡാമിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ഇതോടെ മുല്ലപ്പെരിയാർ വിഷയത്തിൽ മുൻസർക്കാറുകളുടെ നിലപാട് ആവർത്തിച്ച് ഉറപ്പിക്കുക കൂടിയാണ് വിജയ് സർക്കാറും.

സർക്കാർ തയാറാക്കിയ രേഖക്ക് അനുസൃതമായായിരുന്നു ഗവർണറുടെ പ്രസംഗം. മുൻ ഗവർണറും അന്നത്തെ ഡി.എം.കെ സർക്കാറും തമ്മിലുണ്ടായിരുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ, ഇത്തവണ സർക്കാർ തയാറാക്കിയ പ്രസംഗം ഗവർണർ പൂർണമായി വായിച്ചു എന്നത് രാഷ്ട്രീയമായി വലിയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

സംസ്ഥാനത്തിന്റെ അവകാശങ്ങളും കേന്ദ്രവുമായുള്ള തർക്കങ്ങളും നയപ്രഖ്യാപനത്തിലുണ്ടായി. സംസ്ഥാനത്തിനുള്ള കേന്ദ്രഫണ്ടുകൾ അനുവദിക്കുന്നതിൽ കേന്ദ്രം വിവേചനപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ചു. ഇതിനെതിരെ വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്നും വ്യക്തമാക്കി.

ത്രിഭാഷാ പദ്ധതിയെയും ദേശീയ വിദ്യാഭ്യാസ നയത്തെയും ശക്തമായി എതിർത്തു. വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിൽനിന്ന് സംസ്ഥാന ലിസ്റ്റിലേക്ക് മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചു. സംസ്ഥാനത്ത് ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് നടത്തുമെന്നതാണ് മറ്റൊരു പ്രഖ്യാപനം.