നിപയില്‍ പുതിയ പൊസിറ്റീവ് കേസുകളില്ല; 11 സാമ്പിള്‍ കൂടി നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി
നിപയില്‍ പുതിയ പൊസിറ്റീവ് കേസുകള്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സാമ്പിള്‍ പരിശോധനയില്‍ 11 എണ്ണം കൂടി നെഗറ്റീവ് ആയതായി മന്ത്രി അറിയിച്ചു. നിപ പൊസിറ്റീവായ രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായ ഹൈറിസ്‌ക് കാറ്റഗറിയില്‍ പെട്ട 11 പേരുടെ സാമ്പിളുകളാണ് നെഗറ്റീവ് ആയത്.
വെള്ളിയാഴ്ച വരെ ആറ് പൊസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പുതിയ പൊസിറ്റീവ് കേസുകള്‍ ഇല്ല. 21 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസോലേഷനില്‍ ഉള്ളത്. ഇവരില്‍ രണ്ടു കുഞ്ഞുങ്ങളുമുണ്ട്. ഇവരുടെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
ആദ്യം വൈറസ് ബാധിച്ച വ്യക്തിയുടെ രോഗ ഉറവിടം തിരിച്ചറിയാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അവസാനം പൊസിറ്റീവ് ആയ വ്യക്തിയുടെ കോണ്‍ടാക്ട് ട്രേസിംഗ് പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. രോഗികള്‍ക്ക് മോണോ ക്ലോണല്‍ ആന്റിബോഡി നല്‍കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. മോണോ ക്ലോണല്‍ ആന്റി ബോഡി കൂടുതല്‍ എത്തിക്കാന്‍ കേന്ദ്രം സഹായം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.