പ്രശസ്ത മലയാള സിനിമാ എഡിറ്റര്‍ കെ പി ഹരിഹരപുത്രന്‍ അന്തരിച്ചു
നിരവധി സൂപ്പര്‍ ഹിറ്റ് മലയാളം സിനിമകളുടെ എഡിറ്ററായിരുന്ന കെ പി ഹരിഹരപുത്രന്‍ (79) അന്തരിച്ചു. അന്‍പതു വര്‍ഷത്തോളമായി മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ഹരിഹരപുത്രന്‍ ഏപ്രില്‍ 18, സുഖമോ ദേവി, വിവാഹിതരേ ഇതിലേ, സര്‍വകലാശാല, നഗരത്തില്‍ ചെന്ന് രാപ്പാര്‍ക്കാം, തലമുറ, പഞ്ചാബി ഹൗസ് തുടങ്ങിയ ചിത്രങ്ങളുടെ ചിത്രസംയോജകനായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഉച്ചയ്ക്ക് രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ വെച്ച് സംസ്‌കാരം നടക്കും.
1971ല്‍ വിലയ്ക്കു വാങ്ങിയ വീണ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് എഡിറ്ററായി അരങ്ങേറ്റം കുറിച്ച ഹരിഹരപുത്രന്‍ വിത്തുകള്‍ എന്ന ചിത്രത്തിലൂടെ അതേ വര്‍ഷം തന്നെ അസോസിയേറ്റ് എഡിറ്ററായി. പ്രശസ്ത എഡിറ്റര്‍ ശങ്കുണ്ണിയുടെ അസോസിയേറ്റ് എഡിറ്ററായാണ് പ്രവര്‍ത്തിച്ചത്. പിന്നീട് 1979ല്‍ കള്ളിയങ്കാട്ട് നീലി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര എഡിറ്ററായി.
ശേഷക്രിയ, ചകോരം, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ദ കാര്‍, സൂപ്പര്‍മാന്‍, പഞ്ചാബി ഹൗസ്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, പാണ്ടിപ്പട, തൊമ്മനും മക്കളും, മായാവി, വടക്കുംനാഥന്‍, ചതിക്കാത്ത ചന്തു, ചോക്ലേറ്റ് തുടങ്ങിയ ചിത്രങ്ങളും ഹരിഹരപുത്രനാണ് എഡിറ്റ് ചെയ്തത്. സോഹന്‍ ലാല്‍ സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവിയാണ് അവസാന ചിത്രം.