തൃശൂർ ജില്ലയിൽ നാളെ നഴ്സുമാർ പണിമുടക്കും 

 
nurse

തൃശൂർ ജില്ലയിൽ നാളെ നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക്. നഴ്സുമാരെ മർദിച്ച നൈൽ ആശുപത്രി എംഡി ഡോ. അലോകിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം. യുഎൻഎ അംഗത്വമുള്ള നേഴ്സുമാരായിരിക്കും പണിമുടക്കുക. അത്യാഹിത വിഭാഗത്തിലും പണിമുടക്കുമെന്ന് യുഎൻഎ സംസ്ഥാന അധ്യക്ഷൻ ഷോബി ജോസഫ് പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നഴ്സുമാരുടെ സംഘടനയായ യുഎൻഎയിൽ അംഗമായതിന് പിന്നാലെ 6 നഴ്സുമാരെ കഴിഞ്ഞ ദിവസം ആശുപത്രിയിൽനിന്നു പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പേരിൽ നഴ്സുമാർ പ്രതിഷേധം ആരംഭിച്ചതോടെ ലേബർ ഓഫിസർ ചർച്ചയ്ക്കു വിളിച്ചു. നഴ്സുമാരും ഡോക്ടർമാരും തമ്മിലുള്ള ചർച്ചയ്ക്കിടെ ഗർഭിണിയായ നഴ്സിനെ അലോക് ചവിട്ടിയെന്നാണ് നഴ്സുമാരുടെ ആരോപണം.

സ്റ്റാഫ് നഴ്സായ ഗർഭിണിയായ ലക്ഷ്മിയെ ഡോക്ടർ ചവിട്ടിയത്. ചവിട്ടേറ്റതിനെ തുടർന്ന് ലക്ഷ്മി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.കൂടാതെ മർദ്ദനമേറ്റ നഴ്സുമാരായ ശ്രുതി, അശ്വതി, ജിജി, മഞ്ജു, സംഗീത എന്നിവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.