പെരുമ്പാവൂരിൽ വെട്ടേറ്റ നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു
Sep 13, 2023, 16:36 IST
എറണാകുളം: പെരുമ്പാവൂരിൽ വെട്ടേറ്റ നഴ്‌സിങ്ങ് വിദ്യാർഥിനി മരിച്ചു. രായമംഗലം സ്വദേശിനി അൽക്കാ ബെന്നിയാണ് മരിച്ചത്. ആലുവയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോട് കൂടിയാണ് അൽക്ക മരിച്ചത്.
രണ്ട് ദിവസം മുമ്പാണ് പെൺകുട്ടിയെ ബേസിൽ എന്ന യുവാവ് വീട്ടിൽ കയറി ആക്രമിക്കുകയും വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്തത്. സംഭവത്തിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തിരുന്നു. പെൺകുട്ടിയുടെ തലയ്ക്കും കഴുത്തിനുമായിരുന്നു ഗുരുതരമായി പരിക്കേറ്റത്. വെന്റിലേറ്ററിന്റെ സഹായത്തോട് കൂടിയാണ് പെൺകുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. യുവാവ് പെൺകുട്ടിയോട് ഇഷ്ടം പറഞ്ഞിരുന്നു. പ്രണയം നിരസിച്ചതാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.