രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ ആയിരത്തിന് അരികെ; ഡല്‍ഹിയില്‍ സമൂഹവ്യാപനമെന്ന് ആരോഗ്യമന്ത്രി

 

ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു. വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്ക് അനുസരിച്ച് 961 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇവയില്‍ 263 കേസുകള്‍ ഡല്‍ഹിയിലാണ്. മഹാരാഷ്ട്രയില്‍ 257 കേസുകളും ഗുജറാത്തില്‍ 97 കേസുകളും സ്ഥിരീകരിച്ചപ്പോള്‍ 69 കേസുകളുമായി രാജസ്ഥാനും 65 കേസുകളുമായി കേരളവും തൊട്ടു പിന്നിലുണ്ട്. 24 മണിക്കൂറിനിടെ 23 ശതമാനം വര്‍ദ്ധനയാണ് കേസുകളില്‍ ഉണ്ടായത്.

ഡല്‍ഹിയില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം സംഭവിച്ചതായാണ് ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. വിദേശ യാത്രകളുടെ പശ്ചാത്തലം ഇല്ലാത്തവരില്‍ പോലും ഒമിക്രോണ്‍ ബാധ കണ്ടെത്തിയിട്ടുണ്ട്. വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ രാത്രി കര്‍ഫ്യൂവും മറ്റു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളും തീയേറ്ററുകളും ജിമ്മുകളും അടച്ചു. ബാറുകളും റെസ്‌റ്റോറന്റുകളും രാത്രി 10 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. മാളുകള്‍ക്കും കടകള്‍ക്കും ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാം. സ്വകാര്യ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് മാത്രമേ അനുമതിയുള്ളു.