ഒമിക്രോണ്‍ ആശങ്ക; 40 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ശുപാര്‍ശ

 

രാജ്യത്ത് ഒമിക്രോണ്‍ ആശങ്ക സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ 40 വയസും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിഗണിക്കണമെന്ന് ശുപാര്‍ശ. ഇന്ത്യന്‍ സാര്‍സ് കൊവ് 2 ജെനോമിക്സ് കണ്‍സോര്‍ഷ്യം(ഐ.എന്‍.എസ്.എ.സി.ഒ.ജി.) ആണ് കേന്ദ്രസര്‍ക്കാരിന് ഇതു സംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്. കൊറോണ വൈറസിന്റെ ജനിതക വ്യതിയാനങ്ങളെ കുറിച്ച് പഠിക്കുന്ന 28 ലാബോട്ടറികളുടെ കണ്‍സോര്‍ഷ്യമാണ് ഐ.എന്‍.എസ്.എ.സി.ഒ.ജി.

ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തതും ജാഗ്രത പാലിക്കേണ്ടതുമായ വിഭാഗത്തിന് വാക്‌സിന്‍ നല്‍കണമെന്ന ശുപാര്‍ശയും ഐ.എന്‍.എസ്.എ.സി.ഒ.ജി. നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ കോവിഡ് ഗുരുതരമാകുന്നത് തടഞ്ഞേക്കുമെങ്കിലും ഇതിനകം സ്വീകരിച്ച വാക്സിനുകളില്‍നിന്നുള്ള, കുറഞ്ഞ അളവിലുള്ള ന്യൂട്രലൈസിങ് ആന്റിബോഡികള്‍ക്ക് ഒമിക്രോണിനെ പ്രതിരോധിക്കാന്‍ സാധിച്ചേക്കില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരെയും രോഗബാധിതരാകാന്‍ സാധ്യതയുള്ളവരെയും പ്രഥമ പരിഗണന നല്‍കി ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് പ്രതിവാര ബുള്ളറ്റിനില്‍ കണ്‍സോര്‍ഷ്യം വ്യക്തമാക്കി.

ഒമിക്രോണ്‍ സാന്നിധ്യം നേരത്തേ കണ്ടെത്താന്‍ ജീനോമിക് സര്‍വൈലന്‍സ് നിര്‍ണ്ണായകമാണ്. പുതിയ വകഭേദം സ്ഥിരീകരിച്ച സ്ഥലങ്ങളിലേക്കും അവിടേക്കുമുള്ള യാത്രകള്‍ നിയന്ത്രിക്കണം. ഒമിക്രോണ്‍ ബാധിത മേഖലകളുമായി ബന്ധമുള്ള കോവിഡ് പൊസിറ്റീവ് കേസുകളില്‍ സമ്പര്‍ക്ക ട്രേസിംഗ് ശക്തിപ്പെടുത്തണമെന്നും കണ്‍സോര്‍ഷ്യം ആവശ്യപ്പെട്ടു.