ഡല്‍ഹിയില്‍ 50 ശതമാനം കോവിഡ് കേസുകളും ഒമിക്രോണ്‍; മെട്രോ നഗരങ്ങളിലെ സാംപിളുകള്‍ ജനിതക പരിശോധനയ്ക്ക്

 


 
ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന. വ്യാഴാഴ്ച 1313 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏഴു മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ വര്‍ദ്ധനവാണ് ഇത്. ഡിസംബര്‍ 12 മുതല്‍ പൊസിറ്റീവായ കേസുകളില്‍ 50 ശതമാനവും ഒമിക്രോണ്‍ ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യതലസ്ഥാനത്ത് ഒമിക്രോണ്‍ സമൂഹവ്യാപനമാണെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.

ഒമിക്രോണ്‍ വകഭേദം രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ മെട്രോ നഗരങ്ങളിലെ പൊസിറ്റീവ് കേസുകളുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചു. രാജ്യത്ത് സമീപകാലത്ത് പൊസിറ്റീവായ കേസുകളില്‍ 18 ശതമാനവും ഒമിക്രോണ്‍ ആണെന്ന് സ്ഥിരീകരിച്ചിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്.