രാജ്യത്ത് വീണ്ടും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; മൂന്നാമത്തെ കേസ് ഗുജറാത്തില്‍

 

രാജ്യത്ത് മൂന്നാമത്തെ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. സിംബാബ് വേയില്‍ നിന്ന് ഗുജറാത്തിലെ ജാംനഗറില്‍ എത്തിയയാള്‍ക്കാണ് പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചത്. രണ്ടു ദിവസം മുന്‍പാണ് ഇയാള്‍ ജാംനഗറില്‍ എത്തിയത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സാമ്പിള്‍ ജീനോം സീക്വന്‍സിംഗിന് അയച്ചിരുന്നു.

50 കാരനായ ഇയാളെ ഐസോലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി കര്‍ണാടകയിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. വൈറസ് വകഭേദം കണ്ടെത്തിയ നാല്പത്തിയാറുകാരന്‍ ബെംഗളൂരു സ്വദേശിയായ ഡോക്ടറാണ്. രണ്ടു ഡോസ് വാക്സിനും എടുത്ത ഇദ്ദേഹം നവംബര്‍ 21-നാണ് പനിയെത്തുടര്‍ന്ന് പരിശോധനയ്ക്കെത്തിയത്.

ദക്ഷിണാഫ്രിക്കന്‍ പൗരനായ 66 കാരനാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍. രോഗലക്ഷണങ്ങളിലാതിരുന്ന ഇയാള്‍ക്ക് ഇന്ത്യയിലെത്തിയതിന് ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് സ്വകാര്യ ലാബില്‍ നിന്ന് ലഭിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ഇയാള്‍ ദുബായിലേക്ക് പോയിരുന്നു. ഇയാള്‍ പോയതിന് ശേഷമാണ് ഒമിക്രോണ്‍ വകഭേദമാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചത്.