ഓപ്പറേഷൻ ചക്കക്കൊമ്പൻ; ആനക്ക് നേരെ ആദ്യ മയക്കുവെടി വെച്ചു

ആന പൂർണമായി മയങ്ങുന്നതുവരെ കാത്തിരിക്കും
 

ചക്കക്കൊമ്പനുനേരെ വനംവകുപ്പിന്റെ ദൗത്യസംഘം ആദ്യ മയക്കുവെടി വെച്ചു. ചിന്നക്കനാൽ 301 കോളനിക്ക് സമീപമുള്ള ഓമനക്കുഴി ഭാഗത്തുവെച്ചാണ് ആനയെ മയക്കുവെടിവെച്ചത്. ചിന്നക്കനാലിൽ പെയ്തിരുന്ന മഴ മാറി കാലാവസ്ഥ തെളിഞ്ഞതോടെയാണ് ആനയുടെ സ്ഥാനം കണ്ടെത്തി മയക്കുവെടി വെക്കാൻ ദൗത്യസംഘത്തിന് സാധിച്ചത്. ആന പൂർണമായി മയങ്ങുന്നതുവരെ കാത്തിരിക്കും. ആവശ്യമെങ്കിൽ ബൂസ്റ്റർ ഡോസ് മയക്കുവെടി വെയ്ക്കാൻ സാധ്യതയുണ്ട്.

നിലവിൽ ഒന്നര കിലോമീറ്റർ അകലെ സിമന്റ് പാലത്ത് നിർത്തിയിരിക്കുന്ന വിക്രം, ഭരത് എന്നീ കുങ്കിയാനകളെ ചക്കക്കൊന്പൻ നിലയുറപ്പിച്ച സ്ഥലത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആനയുടെ കാലുകൾ ബന്ധിക്കുകയും കണ്ണ് മറച്ചുകെട്ടുകയും ചെയ്തശേഷം കുങ്കിയാനകളുടെ പുറത്തുകയറി ചക്കക്കൊമ്പന്റെ ശരീരത്തിൽ റേഡിയോ കോളർ ഘടിപ്പിക്കാനാണ് നീക്കം. രണ്ട് മണിക്കൂറിനുള്ളിൽ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. പത്ത് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ദൗത്യം ഈ ഘട്ടത്തിലെത്തിയത്. കാലാവസ്ഥ പ്രതികൂലമായിരുന്നെങ്കിലും പിന്നീട് മഴ മാറിനിന്നതോടെ അനുകൂല സാഹചര്യമുണ്ടാവുകയായിരുന്നു.